ഗ്യാസ് പൈപ്പ് ലൈനിനായി എടുത്ത കുഴി മൂടിയില്ല: മേലേ ചൊവ്വ ദേശീയപാതയിൽ ലോറി കുഴിയിലേക്ക് മറിഞ്ഞു

Wednesday 30 April 2025 8:36 PM IST

കണ്ണൂർ: മേലെചൊവ്വയിൽ ദേശീയപാതയോട് ചേർന്ന് ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇറക്കവും വളവും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണം. മഴയായതിനാൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന് ഡ്രൈവറും പറയുന്നു. ഗ്യാസ് പൈപ്പ്ലൈനിനായി എടുത്ത കുഴിയാണ് കാലങ്ങളായി മൂടാതെ വച്ചിരിക്കുന്നതെന്നാണ് പ്രദേശവാസികളും പറയുന്നത്. ദേശീയപാതയോട് ചേർന്ന ഇറക്കത്തിൽ വളവിലുള്ള കുഴിയായതിനാൽ രാത്രികാലങ്ങളിൽ കുഴി ശ്രദ്ധയിൽപെടാത്ത സ്ഥിതിയുമുണ്ട്.

കുഴി മൂടണമെന്ന ആവശ്യം നിരന്തരമുന്നയിച്ചിരുന്നെങ്കിലും അധികാരികൾ കണ്ണ് തുറക്കുന്നില്ലയെന്ന പരാതിയും ജനങ്ങൾക്കുണ്ട്. കർണ്ണാടകയിൽ നിന്ന് കൊച്ചിയിലേക്ക് ഗ്ളാസ് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഗ്ളാസുകളെല്ലാം നശിക്കുകയും ചെയ്തു. ഡ്രൈവറും ക്ളീനറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.