വാഗമണ്ണിലേക്ക് പുതിയ റോഡ്; മൂലമറ്റം- കോട്ടമല റോഡിന് 6.86 കോടി
പുതുക്കിയ ടെൻഡറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി
മൂലമറ്റം: ടൂറിസത്തിനും കാർഷിക മേഖലയ്ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന മൂലമറ്റം- കോട്ടമല റോഡിന് 6.86 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തുകയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. റോഡിന്റെ ആദ്യഭാഗമായ അശോക കവല മുതൽ മൂലമറ്റം വരെയുള്ള 2.5 കിലോമീറ്റർ ദൂരവും തുടർന്നുള്ള അഞ്ചു കിലോമീറ്റർ ദൂരവും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്ന പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന റോഡിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ കലുങ്കുകളും സംരംക്ഷണ ഭിത്തികളും സൂചനാ ബോർഡുകളും ക്രാഷ് ബാരിയറുകളും ഉണ്ടാകും. ഏതാനും മാസങ്ങൾക്ക് മുമ്പ് തുക അനുവദിച്ചിരുന്നെങ്കിലും ടെൻഡർ നിരക്ക് അധികമായിരുന്നതിനാലാണ് മന്ത്രിസഭ അഗീകാരം ആവശ്യമായി വന്നത്.
അറക്കുളം പഞ്ചായത്തിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമായിരുന്നു മൂലമറ്റം കോട്ടമല റോഡ്. ഇതിനായി അഞ്ച് പതിറ്റാണ്ടിലേറെയായി ശ്രമം ആരംഭിച്ചിട്ട്. അരനൂറ്റാണ്ട് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം ആരംഭിച്ച ഈ റോഡ് 26 വർഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതിന്റെ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് എം.എൽ.എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ പലതവണ അറിയിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം കോടതിയെ സമീപിച്ചതാണ്. നിർമ്മാണം പൂർത്തിയാക്കാൻ കോടതി വിധിച്ചെങ്കിലും നടന്നില്ല.
ദൂരവും സമയവും ലാഭം
റോഡ് പൂർത്തിയാകുന്നതോടെ 15 കിലോമീറ്ററോളം ലാഭിച്ച് ചോറ്റുപാറ- വാഗമൺ റോഡിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും. പുതിയ റോഡ് സഞ്ചാര യോഗ്യമാകുന്നതോടെ വടക്കൻ മേഖലകളിൽ നിന്ന് തേക്കടിയടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്ക് പോകുന്നതിന് 42 കിലോമീറ്റർ ദൂരത്തോളം ലാഭിക്കാൻ കഴിയും. കോട്ടമല, ചക്കിമാലി, കപ്പക്കാനം, മുല്ലക്കാനം, ഉളുപ്പൂണി പ്രദേശത്തുള്ളവർക്ക് കുറഞ്ഞ ദൂരത്തിൽ മൂലമറ്റത്ത് എത്താൻ സാധിക്കും. കർഷകർക്ക് ഉത്പന്നങ്ങൾ പ്രധാന വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും ഏറ്റവും ലാഭകരമായ റൂട്ടായി ഇതു മാറും.
'ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്ക് മൂലമറ്റത്ത് നിന്ന് ഉളുപ്പൂണി വഴി എത്തുന്നതിന് നവീകരിച്ച പുതിയ പാത ഏറെ പ്രയോജനകരമാകും. റോഡിന്റെ അതീവ പ്രാധാന്യവും ടൂറിസം സാദ്ധ്യതയും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം റോഡ് നിർമ്മാണത്തിന് അനുമതി നൽകിയത് "
-മന്ത്രി റോഷി അഗസ്റ്റിൻ