മൂന്നു മാസം,123 പോക്സോ കേസുകൾ, കുട്ടികൾക്ക് രക്ഷയില്ല

Thursday 01 May 2025 12:02 AM IST

കോഴിക്കോട് : നിയമങ്ങൾ കർശനമായിട്ടും കുട്ടികൾക്കുനേരെയുള്ള അതിക്രമം കുറയുന്നില്ല. ഈ വർഷം മാർച്ച് വരെ ജില്ലയിൽ 123 പോക്സോ കേസുകൾ ഉണ്ടായതായാണ് ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

കുട്ടികൾക്കെതിരായ 68 അതിക്രമ കേസുകളുമുണ്ടായി. ഇവയിൽ കൂടുതലും പീഡനശ്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവയാണ്. 2025 തുടങ്ങി മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 1201 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകൾ 1352 ആയി. ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല ചിത്രങ്ങളെടുക്കൽ, അശ്ലീല ചിത്രങ്ങൾ കാണിക്കൽ തുടങ്ങിയവയെല്ലാം പോക്സോ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്. ഏഴു വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ. കുട്ടികൾക്കെതിരായ ലെെംഗികാതിക്രമം തിരിച്ചറിയുന്നതും റിപ്പോർട്ട് ചെയ്യുന്നതുമാണ് ഏറെ പ്രധാനം. കുറച്ചുദിവസം മുമ്പ് സ്കൂൾ വിദ്യാർത്ഥിയ്ക്കെതിരെ ലെെംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെതിരെ സ്കൂൾ മാനേജർ തന്നെ നിയമ നടപടിയുമായി മുന്നോട്ട് പോയ സാഹചര്യമുണ്ടായി. സംഭവത്തിൽ അദ്ധ്യാപകനും സ്കൂൾ പ്രധാനാദ്ധ്യാപികയ്ക്കും എ.ഇ.ഒ യ്ക്കുമെതിരെ വകുപ്പ് തല നടപടിയുണ്ടായി.

കോഴിക്കോട്

വർഷം - കേസ്

2022 - 451

2023 - 421 2024 - 460

2025 (മാർച്ച് വരെ ) - 123

''പോക്സോ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകുന്നതിൽ വിമുഖത കാണിക്കരുത്. പോക്സോ കുറ്റകൃത്യങ്ങളെ പൂർണതോതിൽ തടയാൻ ബോധവത്കരണം ആവശ്യമാണ്. അരുൺ കെ. പവിത്രൻ (ഡെപ്യൂട്ടി കമ്മിഷണർ , കോഴിക്കോട് )