ജില്ലയിൽ പൂർത്തിയായത് 39.39 ശതമാനം പ്രവൃത്തി മാത്രം: അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക് ഒച്ചിഴയും വേഗം
കണ്ണൂർ:പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനവും കോളനികളുടെ സമഗ്രവികസനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ജില്ലയിൽ പൂർത്തിയായത് 13 ഗ്രാമങ്ങളുടെ നവീകരണ പ്രവൃത്തി. 33 ഗ്രാമങ്ങളെയാണ് ജില്ലയിൽ പദ്ധതിക്കായി തിരഞ്ഞെടുത്തത്. കേവലം 39.39 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തീകരിക്കാനായത്.
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.സംസ്ഥാനത്ത് 2016-17 മുതൽ ആകെ 806 ഗ്രാമങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.ഭരണാനുമതി നൽകിയ 643 ഗ്രാമങ്ങളിൽ 418 ഇടത്ത് പ്രവൃത്തി പൂർത്തീകരിച്ചു. ബാക്കി 225 ഗ്രാമങ്ങളിൽ പ്രവൃത്തി നടക്കുന്നുണ്ടെന്നാണ് പട്ടികജാതി,പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിന്റെ വിശദീകരണം. നിർവ്വഹണ ഏജൻസികൾക്ക് ഫണ്ട് നൽകാത്തതിനാൽ പ്രവൃത്തി നിർത്തിവച്ചുമെന്നും ആക്ഷേപമുയരുന്നുണ്ട്.എന്നാൽ അലോട്ട്മെന്റ് ലഭ്യമാക്കി ജില്ലകൾക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുകയാണെന്നാണ് വകുപ്പിന്റെ മറുപടി.
കണ്ണൂർ ജില്ലയിൽ പദ്ധതി പ്രകാരം തിരഞ്ഞെടുത്തത്
33 ഗ്രാമങ്ങൾ
39.39 %
കാസർകോട് ജില്ലയിൽ
25 ഗ്രാമങ്ങൾ
48% നവീകരണം (12 ഗ്രാമം)
61 ഗ്രാമങ്ങൾക്ക് ഏജൻസി ഇല്ല
2022 -23 വർഷത്തിൽ നാല് ഗ്രാമങ്ങൾക്കും 2024-25 വർഷം തിരഞ്ഞെടുത്ത 61 ഗ്രാമങ്ങൾക്കും ഏജൻസിയെ തിരഞ്ഞെടുത്തിട്ടില്ല.ഇവിടങ്ങളിൽ പ്രവൃത്തി അനിശ്ചിത്വത്തിലാണ് . ഒരു കോടി രൂപ വരെ പദ്ധതി വിഹിതമുള്ള അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് നേരത്തെ അനുമതി നൽകുന്നത് ഡയറക്ടറേറ്റിൽ നിന്നായിരുന്നു . ഇത് കാരണം ഫണ്ട് അനുവദിച്ചിട്ടും ഭരണാനുമതി ലഭിക്കാൻ വലിയ കാലതാമസമാണ് നേരിട്ടതെന്ന് ജനപ്രതിനിധികൾ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പദ്ധതികൾക്ക് കളക്ടർ ആയിരിക്കും ഭരണാനുമതി നൽകുകയെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കേണ്ടത് കളക്ടറുടെ മേൽനോട്ടത്തിലുള്ള എൻജിനീയർമാർ അടങ്ങിയ സമിതിയുമാണ്.എന്നാൽ ഇത്തരം മാറ്റങ്ങൾ വരുത്തിയിട്ടും പദ്ധതിക്ക് വേഗതയില്ലെന്നാണ് ആക്ഷേപം. ഉയരുന്നത്.നിർമ്മാണ ഏജൻസികളുടെ അലംഭാവവും വൈകലിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.
അംബേദ്കർ ഗ്രാമ വികസന പദ്ധതി
പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി കോളനികളെ ദത്തെടുത്ത് പരിപാലിക്കുന്ന പദ്ധതി
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, കോളനിവാസികളുടെ ജീവിത നിലവാരം ഉയർത്തൽ
റോഡ്, പാലം ,ശൗചാലയം, കിണർ, ആരോഗ്യ കേന്ദ്ര നിർമ്മാണം വിദ്യാഭ്യാസപ്രശ്നങ്ങളിൽ പരിഹാരം
സാംസ്കാരിക നിലയം, ലൈബ്രറികൾ , കുടിവെള്ള വിതരണം , ഇന്റർനെറ്റ് സംവിധാനം ,കുടിവെള്ള പദ്ധതി