കാറിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Wednesday 30 April 2025 9:24 PM IST

പയ്യന്നൂർ : വില്പനക്കായി കാറിൽ കൊണ്ട് വരികയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി.പ്രജിത(29),

എടാട്ടെ കെ.പി.ഷിജിനാസ്(34), പെരുമ്പ കോറോം റോഡിലെ പി.ഷഹബാസ് (30) എന്നിവരെയാണ് പയ്യന്നൂർ ഡി.വൈ.എസ്.പി, കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എസ്.ഐ.മാരായ പി.യദുകൃഷ്ണൻ, കെ.ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘം ഇന്നലെ പുലർച്ചെ 2.45 ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂർ കോളജ് സ്‌റ്റോപ്പിന് സമീപം വച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എ.യുമായി പ്രതികളെ പിടികൂടിയത്. സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് നിർത്തിയിട്ടിരുന്ന കാറിൽനിന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ. മയക്ക് മരുന്ന് കണ്ടെത്തിയത്. തൃശൂരിലുള്ള ഷെഫീഖ് എന്നയാളിൽ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റൽ ത്രാസും കാറിൽ നിന്നും പോലീസ് കണ്ടെടുത്തു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.