എടപ്പുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം
ഇരിട്ടി :അയ്യൻകുന്ന് പഞ്ചായത്ത് എടപ്പുഴയിൽ സെന്റ് ജോസഫ് പള്ളിക്ക് സമീപം തുടർച്ചയായ രണ്ടാം ദിവസവും കാട്ടാന ആന ഇറങ്ങി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രി 12 മണിക്ക് ശേഷം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപക നാശം വിതച്ചു.
എടപ്പുഴ പള്ളി , വെളിയത്ത് സിബി, കാപ്പുങ്കൽ സജി തുടങ്ങിയവരുടെ കൃഷിയിടത്തിൽ തെങ്ങ് , വാഴ കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.പള്ളിയുടെ പിൻവശത്ത് സെമിത്തേരിയോട് ചേർന്ന പ്രദേശത്തെ മുപ്പതിലധികം വാഴകൾ ആന നശിപ്പിച്ചു. എടപുഴ വാളത്തോട് മെയിൻ റോഡിൽ എത്തിയ ആന വെളിയത്ത് സിബിയുടെ തെങ്ങും നശിപ്പിച്ചു . പുലർച്ചെവരെ മേഖലയിൽ തമ്പടിച്ച ആന നേരം വെളുത്തതോടെയാണ് തിരികെ പോയത്.
പുലർച്ചെ നിരവധി ടാപ്പിംഗ് തൊഴിലാളികൾ കടന്നുപോകുന്ന വഴിയിലാണ് ആന എത്തിയത്.തലേന്ന് രാത്രിയിൽ മഴ പെയ്തതുകൊണ്ട് റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ ജോലിക്ക് പോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി . ആഴ്ച്കളായി ആനകൂട്ടം പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.ആനകളെ ഭയന്ന് കുന്നിന്റെ മുകൾ ഭാഗത്തെ കൃഷിനാശം കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ആറളം ഫാമിൽ ആനകളെ തുരത്താൻ ആരംഭിച്ചതോടെ പ്രദേശത്ത് ആനകളുടെ സാന്നിദ്ധ്യം അധികമാണെന്നും നാട്ടുകാർ പറഞ്ഞു. സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാറും സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ പരിശോധിച്ചു