ചായക്കടയിലെ സൗഹൃദചർച്ചകളിൽ നിന്ന് വെള്ളിത്തിരയിലേക്ക് മഹൽ- ഇൻ ദ നെയിം ഓഫ് ഫാദർ ഇന്ന് തിയേറ്ററുകളിൽ
മലപ്പുറം വളാഞ്ചേരിയിലെ ചായക്കടയിൽ വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന മൂവർ സംഘത്തിന്റെ സൗഹൃദചർച്ചകൾ ഒടുവിൽ ഒരു സിനിമയിലേക്ക് വളർന്നു. സിനിമാപ്രേമികളായ മൂവർസംഘത്തിന്റെ കൂട്ടായ്മയിൽ നിന്ന് രൂപം കൊണ്ട മഹൽ- ഇൻ ദ നെയിം ഒഫ് ഫാദർ എന്ന ചലച്ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്.
സിനിമയുടെ സംവിധായകൻ നാസർ ഇരിമ്പിളിയം, നിർമ്മാതാവും തിരക്കഥാകൃത്തുമായ ഡോ. കെ.ടി.ഹാരിസ് , പ്രധാന വേഷത്തിലെത്തുന്ന ഉണ്ണിനായർ എന്നിവരാണ് ചിത്രത്തിന് പിന്നിലെ സൗഹൃദസംഘം. ജോലിത്തിരക്കുകൾ കഴിഞ്ഞ് മിക്ക വൈകുന്നേരങ്ങളിലും ഒത്തുകൂടുന്ന ഇവരുടെ ചർച്ചകൾ ഒടുവിൽ ചെന്നെത്തുന്നത് സിനിമയിലാണ്. ഈ സൗഹൃദത്തിൽ നിന്നും നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പിറവിയെടുത്തു. കൊറോണയുടെ ഭീകരതയും അതിജീവനവും വരച്ചു കാട്ടിയ ' ബല്ലാത്ത നാടും'. ലഹരി ഉപയോഗത്തിനെതിരെ ചെയ്ത ഷോർട്ട് ഫിലിമുകളും ശ്രദ്ധേയമാവുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഇവയുടെ വിജയം നൽകിയ ധൈര്യമാണ് ചലച്ചിത്ര സംരംഭത്തിലേക്കെത്താൻ പ്രചോദനമായത്.
അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം പറയുന്ന സിനിമയിൽ ഉണ്ണിനായരെ പ്രധാന വേഷത്തിൽ തീരുമാനിച്ചു. മകന്റെ കഥാപാത്രത്തിന് ഒരു സുഹൃത്തിന്റെ മകനെ നിശ്ചയിച്ചു. സുഹൃത്തുക്കളെ മിക്ക മേഖലകളിലും ഉൾപ്പെടുത്തി ചെറിയ ബഡ്ജറ്റിൽ നിർമ്മിക്കാനായിരുന്നു തീരുമാനം. എന്നാൽ തിരക്കഥ രൂപപ്പെട്ടപ്പോൾ വലിയ കാൻവാസിൽ ജനങ്ങളിലേക്കെത്തേണ്ട സിനിമയാണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ ഇതിൽ മാറ്റം വരുത്തി. നായകവേഷത്തിൽ ഷഹീൻ സിദ്ദിഖിനെ നിശ്ചയിച്ചു. ലാൽ ജോസും ഗസ്റ്റ് റോളിലുണ്ട്.
ആശയക്കുഴപ്പവും അരക്ഷിതാവസ്ഥയും ഇടകലർന്ന മാനസികാവസ്ഥയിൽ ജീവിക്കുന്ന ഒരു യുവാവിന്റേയും വാർദ്ധക്യത്താലും ഡിമെൻഷ്യ രോഗത്താലും പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്ന ഒരു അച്ഛന്റേയും ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
റഫീഖ് അഹമ്മദ്, എൻ. മൊയ്തീൻ കുട്ടി എന്നിവരുടേതാണ് ഗാനരചന. സിത്താര കൃഷ്ണകുമാർ, ഹരിചരൺ, ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവർ പാടിയിട്ടുണ്ട്. മുസ്തഫ അമ്പാടിയാണ് സംഗീത സംവിധാനം.
ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി നായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. നിരവധി വിദേശ ചലച്ചിത്ര മേളകളിലും പ്രദർശിപ്പിക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.
നാദി ബക്കർ, പ്രവീൺ കാട്ടുമാടം, അബു വളയംകുളം, ക്ഷമ കൃഷ്ണ, സുപർണ്ണ, ഉഷ പയ്യന്നൂർ, നജീബ് കുറ്റിപ്പുറം, ഡോ. നടക്കാവിൽ മുഹമ്മദലി, വെസ്റ്റേൺ പ്രഭാകരൻ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവരും നാട്ടുകാരായ മുപ്പതോളം പേരും വേഷമിട്ടിട്ടുണ്ട്.