കൊതുക് ഭീഷണി അവഗണിക്കരുത്

Thursday 01 May 2025 2:49 AM IST

വെഞ്ഞാറമൂട്: വേനൽമഴ ആരംഭിച്ചതോടെ വിവിധതരം പനികളും തലപൊക്കിത്തുടങ്ങി. ഈ സാഹചര്യത്തിൽ കൊതുകുകളെ പ്രതിരോധിക്കാൻ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പറയുന്നു. വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള ചെറുപാത്രങ്ങൾ,ചിരട്ടകൾ,സൺഷേഡുകൾ,മരപ്പൊത്തുകൾ,ടാപ്പിംഗ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവ അടിയന്തരമായി നീക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കി പരിസരം വൃത്തിയാക്കിയാൽ രോഗവ്യാപനം ഒരുപരിധിവരെ തടയാം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ ശക്തമായ കൊതുകുനിവാരണ പ്രവർത്തനങ്ങളും നടപ്പാക്കും.

ലക്ഷണങ്ങൾ അവഗണിക്കരുത്

പനി

തലവേദന

കണ്ണിനു പിറകിൽ വേദന

ശക്തിയായ പേശിവേദന

ശരീരത്തിലെ ചുവന്ന പാടുകൾ

തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.

തുടർച്ചയായ ഛർദ്ദി

വയറുവേദന

കറുത്ത മലം

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക

രക്തസമ്മർദ്ദം താഴുക

ശ്വാസംമുട്ട്

തുടങ്ങിയവ അപായ സൂചനകളാണ്.

പ്രതിരോധം

കൊതുക്,കൂത്താടി നശീകരണം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

ടെറസിലടക്കം വെള്ളക്കെട്ട് ഒഴിവാക്കണം