പാകിസ്ഥാന്റെ വിമാനങ്ങള്‍ക്ക് അനുമതിയില്ല, വ്യോമപാത അടച്ച് ഇന്ത്യ; അതിര്‍ത്തിയിലും താക്കീത്

Wednesday 30 April 2025 11:09 PM IST

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച് ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കും വ്യോമപാത തുറന്ന് കൊടുക്കില്ല. അതേസമയം, പാകിസ്ഥാന്‍ വഴി എത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകില്ല. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള വിമാനള്‍ക്ക് തങ്ങളുടെ വ്യോമപാത തുറന്ന് നല്‍കില്ലെന്ന് പാകിസ്ഥാനും തീരുമാനിച്ചിരുന്നു.

അതിനിടെ, അതിര്‍ത്തിയില്‍ നിയന്ത്രണ രേഖ മറികടന്നുള്ള പാക് പ്രകോപനത്തിന് ഇന്ത്യ കര്‍ശനമായ താക്കീതും നല്‍കിക്കഴിഞ്ഞു. ഇരു രാജ്യങ്ങളുടെയും ഉന്നത സൈനികോദ്യോഗസ്ഥര്‍ ഹോട്ട് ലൈനില്‍ സംസാരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ തുടര്‍ച്ചയായ ആറാംദിവസവും പാകിസ്ഥാന്‍ ഒരു പ്രകോപനവുമില്ലാതെ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. അതേസമയം അടുത്ത രണ്ട് മുതല്‍ മൂന്ന് ദിവസങ്ങള്‍ വരെ വളരെ നിര്‍ണായകമാണെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാനില്‍ സൈനിക നടപടി ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും പാക് സൈന്യം അറിയിച്ചതായി പാകിസ്ഥാന്‍ മന്ത്രി അത്താഉള്ള തരാര്‍ പ്രസ്താവന നടത്തിയിരുന്നു.

അതേസമയം, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് സൂചന ലഭിച്ച പാകിസ്ഥാന്‍ തങ്ങളുടെ പ്രസ്താവനകള്‍ മയപ്പെടുത്തുന്നുണ്ട്. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്നും അതിന്റെ ദുഖം മനസിലാക്കുന്നുവെന്നുമാണ് അതില്‍ ഒരു പ്രസ്താവന.