പോക്സോ കേസ്: 64 കാരന് 19 വർഷം കഠിനതടവും പിഴയും

Thursday 01 May 2025 2:18 AM IST

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 64കാരന് 19 വർഷം കഠിന തടവും 35,​000 രൂപ പിഴയും വിധിച്ചു. വീരണകാവ് കുഴയ്ക്കാട് ആലമുക്ക് വള്ളിപ്പാറ പുതുക്കോണം എസ്.എസ്.മൻസിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിശ്വനാഥൻ(64പള്ളിച്ചൽ ചാമവിള അയിത്തിയൂർ വട്ടവിളവീട്)നെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാറിന്റേതാണ് വിധി. പിഴ ഓടുക്കിയില്ലെങ്കിൽ 10 മാസംകൂടി അധിക തടവ് അനുഭവിക്കണം.

എന്നാൽ പ്രതി ജുഡിഷ്യൽ കസ്റ്റഡിയിലായതിനാലും പിഴത്തുക അപര്യാപ്തമായതിനാലും കുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ അതോറിട്ടി നൽകാനും വിധിന്യായത്തിൽ പറയുന്നു.

2020ലാണ് കേസിനാസ്പദമായ സംഭവം.

മകളുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ അമ്മൂമ്മയുടെ ചായക്കടയിൽ എത്താറുണ്ട്. ഇവിടെവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ സമീപത്തെ പണിതീരാത്ത വീട്ടിൽകൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പേടികാരണം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അമ്മ ചോദ്യംചെയ്തപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് മാതാവ് കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ എസ്.ഐമാരായിരുന്ന വി.ഷിബു, സുനിൽഗോപി എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 22സാക്ഷികളും 26രേഖകളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.