ബ്രഡ് പായ്ക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ സംഭവം പ്രധാന പ്രതിയും കൂട്ടാളിയും അറസ്റ്റിൽ
കാട്ടാക്കട: കാട്ടാക്കടയിൽ 200 ഗ്രാം എം.ഡി.എം.എ ബ്രഡ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതിയേയും കൂട്ടാളിയേയും ബംഗളൂരുവിൽ നിന്ന് കാട്ടാക്കട പൊലീസ് പിടികൂടി. കൊല്ലം മുതുകുളം കുളത്തൂർകൊണത്ത് നന്ദു ഭവനിൽ നന്ദു വി.നായർ (24),ഇയാളുടെ കൂട്ടാളി കോഴിക്കോട് ചെറുമണ്ണാരം പറമ്പിൽ വീട്ടിൽ ഉസ്മിനാൽ അഫാൻ(23)എന്നിവരാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23നാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ പത്തോളം കേസുകളിലെ പ്രതിയായ വിഷ്ണുവിന്റെ ആമച്ചിലുള്ള വീട്ടിൽ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് പൂജപ്പുര സ്വദേശി അനൂപും അന്ന് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ എത്തിക്കുന്നതെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് കാട്ടാക്കട പൊലീസ് ബംഗളൂരുവിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.