പെട്രോൾ പമ്പിന് നേരെ ഗുണ്ടാ ആക്രമണം, രണ്ട് ജീവനക്കാരുടെ തല അടിച്ച് പൊട്ടിച്ചു
കായംകുളം: ബൈക്കുകളിലെത്തിയ സംഘം പെട്രോൾ പമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ചതിന് ദേശീയപാതയിൽ പുത്തൻമോഡ് ജംഗ്ഷനിലുള്ള നയാര പെട്രോൾ പമ്പിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. ജീവനക്കാരായ ഉണ്ണികൃഷ്ണൻനായർ (68),വിനു (35) എന്നിവരുടെ തല അക്രമിസംഘം അടിച്ചു പൊട്ടിച്ചു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ബൈക്കുകളിലായെ ത്തിയ അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് പമ്പ് ജീവനക്കാർ പൊലീസിന് മൊഴി നൽകി. പണം ചോദിച്ചതോടെ അക്രമാസക്തരായ ഇവർ ജീവനക്കാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഉണ്ണികൃഷ്ണൻനായരെ കസേരയിൽ നിന്ന് ചവിട്ടിനിലത്തിട്ടു. എഴുന്നേറ്റപ്പോൾ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. ക്രൂര മർദ്ദനത്തിന്റെ സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ബൈക്കിന്റെ നമ്പരും പ്രതികളെപ്പറ്റിയുള്ള സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
രാത്രിയിൽ പമ്പ് തുറക്കാൻ കഴിയാത്ത സാഹചര്യമാണന്ന് പമ്പുടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.ജെ ഷാജഹാൻ പറഞ്ഞു. കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.