ജലമോഷണം വർദ്ധിച്ചു; വടിയെടുത്ത് സ്ക്വാഡ്

Thursday 01 May 2025 12:23 AM IST

ആലപ്പുഴ : ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ ജലമോഷണവും വർദ്ധിച്ചതോടെ കർശന നടപടിയുമായി വാട്ടർ അതോറിട്ടി. ഗ്രാമീണമേഖലകളിൽ ശുദ്ധജലം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ച് നടപ്പാക്കുന്ന ജൽജീവൻ പദ്ധതി ജില്ലയിൽ പകുതി പോലും പൂർത്തിയാകാത്തതാണ് കുടിവെള്ളക്ഷാമത്തിന് പിന്നിൽ.

ജില്ലയിൽ പദ്ധതിയുടെ 46.50 ശതമാനം മാത്രമാണ് പൂർത്തിയായതങ്ങ. അരൂർ മണ്ഡലത്തിൽ പദ്ധതി പൂർണമായി. അമ്പലപ്പുഴ നോർത്ത്, അരൂക്കുറ്റി, അരൂർ, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, പാണാവള്ളി, പട്ടണക്കാട്, പെരുമ്പളം, പുന്നപ്ര നോർത്ത്, തണ്ണീർമുക്കം, തൈക്കാട്ടുശേരി, തൃക്കുന്നപ്പുഴ, തുറവൂർ, വയലാർ എന്നീ പഞ്ചായത്തുകളിലും പദ്ധതി പൂർണതോതിലായിട്ടുണ്ട്.

2024ൽ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെ 2019ലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി നീണ്ടുപോയതോടെ സമയപരിധിയും ദീർഘിപ്പിച്ചു. പദ്ധതിത്തുകയുടെ 50 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. ജില്ലയിൽ 5,43,821 വീടുകളിലാണ് ശുദ്ധജലം എത്തിക്കുക. ജലജീവൻ മിഷൻ ആരംഭിക്കുന്നതിനുമുമ്പ് 1,95,453 വീട്ടിൽ മറ്റ് പദ്ധതികളിലൂടെ കുടിവെള്ളമെത്തിച്ചു. ബാക്കിയുള്ള 3,65,398 വീട്ടിൽ 1,69,945 എണ്ണത്തിലാണ് കുടിവെള്ളമെത്തിച്ചത്. ശേഷിക്കുന്ന 1,78,423 വീട്ടിൽ കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 14,001 വീട്ടിൽ പൈപ്പ് കണക്ഷൻ നൽകിക്കഴിഞ്ഞു. ജല അതോറിട്ടിയാണ് നിർവഹണ ഏജൻസി.

കാൽലക്ഷം രൂപ വരെ പിഴ

 കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ ജലമോഷണത്തിനെതിരെ കടുത്ത നടപടിയുമായി വാട്ടർ അതോറിട്ടി രംഗത്തെത്തി

 പ്രധാന പൈപ്പ് കണക്ഷനിൽ നിന്ന് മോട്ടോർ ഘടിപ്പിച്ച് വെള്ളം കവർന്നെടുക്കുന്ന നിരവധിസംഭവങ്ങളാണ് അടുത്തിടെ പിടികൂടിയത്

 പഞ്ചായത്ത് പ്രദേശങ്ങളിലടക്കം ജലക്ഷാമം രൂക്ഷമായിരിക്കെയാണ് മോട്ടോറും ഹോസും ഘടിപ്പിച്ച് പലരും ജലം വലിച്ചെടുത്ത് സംഭരിക്കുന്നത്.

 പൈപ്പിൽ നിന്നുള്ള വെള്ളം വീടുകളിലെ ടാങ്കിലും കിണറുകളിലും സംഭരിക്കാൻ ശ്രമിച്ചവരുണ്ട്. മോട്ടോർ ഉപയോഗിച്ച് ജലചൂഷണം നടക്കുമ്പോൾ ജലവിതരണം താറുമാറാകും

 കഴിഞ്ഞ വേനൽക്കാലത്തും ഇത്തരം കേസുകൾ പിടികൂടിയിരുന്നു. കണക്ഷൻ വിച്ഛേദിക്കലിന് പുറമേ കാൽലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിത്

ജൽജീവൻ പദ്ധതി പൂർത്തിയായത്

46.50%

കണക്ഷനുകൾ

2020-21: 50,957

2021-22: 62,315

2022-23: 25,926

2023-24: 21,585

2024-25: 9,162

ജലമോഷണം നടത്തുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും

- എ.ഇ, ജല അതോറിട്ടി