ബിന്ദുപത്മനാഭൻ തിരോധാനം : നുണപരിശോധന ആവശ്യപ്പെട്ടുള്ള ഹർജിതള്ളി

Thursday 01 May 2025 12:29 AM IST

ചേർത്തല:ബിന്ദുപത്മനാഭൻ തിരോധാന കേസിൽ പ്രധാനപ്രതിയായ സെബാസ്റ്റ്യന് നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ചേർത്തല ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.ജില്ലാ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പക്ടർ–2 സി.ആർ.പ്രമോദാണ് ഹർജി നൽകിയത്. ഒരാളുടെ അനുമതിയില്ലാതെ പോളിഗ്രാഫ് ടെസ്റ്റിന് അനുമതി നൽകാനാകില്ലെന്നതും സെബാസ്റ്റ്യന് നിരവധി ശാരീരിക പ്രശ്നങ്ങളുണ്ടെന്നു കാട്ടി പ്രതിഭാഗം നൽകിയ രേഖകളും പരിശോധിച്ചാണ് കോടതി ഹർജി തീർപ്പാക്കിയത്.പ്രതിക്കുവേണ്ടി അഡ്വ.വി.എസ്.രാജൻ ഹാജരായി. കേസിൽ ആദ്യ ഘട്ടത്തിൽ പൊലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങളെല്ലാം ചെന്നെത്തിയിരിക്കുന്നത് സെബാസ്റ്റ്യനിലാണെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവമാണ് അന്വേഷണ സംഘത്തിനു വെല്ലുവിളിയാകുന്നത്.ഈ സാഹചര്യത്തിലാണ് നുണപരിശോധന ആവശ്യം ക്രൈംബ്രാഞ്ച് ഉയർത്തിയത്. നുണപരിശോധന അടഞ്ഞ അദ്ധ്യായമായതോടെ കേസിൽ വീണ്ടു അന്വേഷണം ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബാഞ്ച്. ഇതിന്റെ ഭാഗമായി മൊഴികൾ വീണ്ടും എടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ബിന്ദുപത്മനാഭൻ തിരോധാന കേസ് അന്വേഷണം തുടങ്ങിയിട്ട് എട്ടുവർഷത്തോളമായെങ്കിലും എങ്ങുമെത്താൻ പൊലീസിനായിട്ടില്ല. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മാനിവാസിൽ പരേതനായ പത്മനാഭപിള്ളയുടെ മകൾ ബിന്ദു പത്മനാഭൻ(52) നെ കാണാനില്ലെന്ന് സഹോദരൻ പ്രവീൺകുമാറാണ് പരാതി നൽകിയത്.