ഭീകരാക്രമണം പുനരാവിഷ്കരിച്ചു, ലഷ്‌കർ കമാൻഡർക്ക് മുഖ്യപങ്കെന്ന് എൻ.ഐ.എ
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ തയ്ബയുടെ മുഖ്യ കമാൻഡർ ഫാറൂഖ് അഹമ്മദിന് പ്രധാന പങ്കുണ്ടെന്ന് എൻ.ഐ.എ. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചു. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി കുപ്‌വാരയിലെ അഹമ്മദിന്റെ വീട് അടുത്തിടെ സുരക്ഷാ സേന പൊളിച്ചുമാറ്റിയിരുന്നു.
കഴിഞ്ഞ 2 വർഷമായി കാശ്മീരിൽ നടന്നുവരുന്ന ഭീകരാക്രമണങ്ങളിൽ അഹമ്മദിന് മുഖ്യപങ്കുണ്ടെന്നാണ് സുരക്ഷാസേന കണ്ടെത്തൽ. പഹൽഗാമിൽ നടന്ന ആക്രമണവും ഇവയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് നിഗമനം. പാകിസ്ഥാനിൽ താമസിച്ച് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ വഴി കാശ്‌മീരിലെ സഹായികളെ ഉപയോഗിച്ച് ആക്രമണ പദ്ധതികൾ നടപ്പാക്കിയെന്നാണ് വിവരം.
നിലവിൽ പാക് അധിനിവേശ കാശ്മീരിലാണ് അഹമ്മദുള്ളതെന്നാണ് വിവരം. പാകിസ്ഥാനിൽ നിന്ന് കാശ്മീരിലെ മൂന്ന് സെക്ടറുകളിലേക്ക് ഭീകരർക്ക് നുഴഞ്ഞുകയറാനുള്ള സൗകര്യമൊരുക്കുന്നത് അഹമ്മദാണ്. കാശ്മീരിലെ പർവതപ്രദേശങ്ങളിലെ എല്ലാ സഞ്ചാരപാതകളും ഇയാൾക്ക് മനപാഠമാണ്. 1990-2016 കാലത്ത് പലതവണ ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും യാത്ര ചെയ്തതായി അന്വേഷണ ഏജൻസി പറയുന്നു. പഹൽഗാം ആക്രണത്തിനുശേഷം ഫാറൂഖിന്റെ പല കൂട്ടാളികളേയും സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.
അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി പഹൽഗാമിൽ എൻ.ഐ.എ ഭീകരാക്രമണം പുനരാവിഷ്കരിച്ചു. പൈൻ മരക്കാടുകൾക്കുള്ളിൽ നിന്ന് ഭീകരർ എത്തിയതും വെടിയുതിർത്തതും രക്ഷപ്പെട്ടതുമാണ് പുനരാവിഷ്കരിച്ചത്. ഏത് രീതിയിലാകാം ആക്രമണം നടന്നതെന്നും എങ്ങനെയാകും പദ്ധതി നടപ്പിലാക്കിയതെന്നും കണ്ടെത്തുന്നതിന്റെ ഭാഗമായാണിത്. അതേസമയം, ഭീകരാക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സിപ്പ് ലൈൻ ഓപ്പറേറ്റർ മുസമ്മിൽ എൻ.ഐ.എ കസ്റ്റഡിയിൽ തുടരുകയാണ്.
ചൈനീസ് സംവിധാനവും
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനമെന്ന് എൻ.ഐ.എ. പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും ഭീകരർ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഏപ്രിൽ 22ന് പഹൽഗാമിൽ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
ഒന്നരക്കൊല്ലം മുമ്പാണ് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ അതിർത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്. കാടിനുള്ളിൽ കഴിഞ്ഞ ഇവർ ചൈനീസ് നാഷണൽ സ്പേസ് ഏജൻസിയുടെ ഉപകരണങ്ങളുപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്. പെഹൽഗാമിൽ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസികൾ ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ൽ ഗാൽവാനിൽ നടന്ന ചൈനീസ് ആക്രമണത്തെത്തുടർന്ന് ഭീകരർ ഇപ്പോൾ ഉപയോഗിക്കുന്ന ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ പലതും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാൽ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. അതിനാൽ ഭീകരവാദികൾ പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്. ഒപ്പം ഈ ആപ്പുകളെല്ലാം സ്റ്റെഗനോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.സാങ്കേതികവിദ്യ ഉപയോഗിച്ച് സന്ദേശങ്ങൾ ഫോട്ടോകൾക്കും വീഡിയോകൾക്കും ഉള്ളിൽ മറച്ച് അയക്കാൻ കഴിയും. ഇത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ആപ്പുകൾ പതിവായി അവയുടെ റേഡിയോ ഫ്രീക്വൻസി മാറ്റുകയും ചെയ്യുന്നു.ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്.