പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഐ.സി.എസ്.ഇ 99.09%, ഐ.എസ്.സി 99.02% വിജയം
ന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2,52,557 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ പത്താം ക്ളാസിൽ 99.09%വും 99,551പേർ പരീക്ഷയെഴുതിയ പന്ത്രണ്ടാം ക്ലാസിൽ 99.02%വും വിജയം. രണ്ട് വിഭാഗങ്ങളിലും വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ. ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലായിൽ നടത്തിയേക്കും.
പത്താം ക്ലാസിൽ ആൺകുട്ടികളുടെ വിജയശതമാനം 98.84. പെൺകുട്ടികളുടേത് 99.37. പന്ത്രണ്ടാം ക്ലാസിൽ ആൺകുട്ടികളുടേത് 98.64%. പെൺകുട്ടികളുടേത് 99.45%. ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 2027 മുതൽ പരിഷ്കരണം ഏർപ്പെടുത്താൻ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് തീരുമാനിച്ചു. ഇംഗ്ലീഷ് അടക്കം അഞ്ചു വിഷയങ്ങളിൽ വിജയിക്കണം.നിലവിൽ ഇംഗ്ളീഷ് ഉൾപ്പെടെ 4 വിഷയങ്ങൾ ജയിച്ചാൽ മതിയായിരുന്നു.
കേരളത്തിൽ മികച്ച ജയം
തിരുവനന്തപുരം: ഐ.സി.എസ്.ഇ (പത്താം ക്ലാസ്) പരീക്ഷയിൽ കേരളത്തിൽ 99.94 ശതമാനവും ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷയിൽ നൂറ് ശതമാനവും വിജയം. പത്താം ക്ലാസിൽ 7,737 പേർ പരീക്ഷയെഴുതിയതിൽ 7,732പേർ വിജയിച്ചു. ഇതിൽ 3,761പേർ ആൺകുട്ടികൾ (99.92%). 3,971പേർ പെൺകുട്ടികൾ (99.95%) . എസ്.സി വിഭാഗത്തിൽ 191പേർ പരീക്ഷയെഴുതിയതിൽ 99.48 ശതമാനമാണ് വിജയം. എസ്.ടി വിഭാഗത്തിൽ പരീക്ഷയെഴുതിയ അഞ്ചുപേരും വിജയികളായി. ഒ.ബി.സി വിഭാഗത്തിൽനിന്ന് പരീക്ഷയെഴുതിയത് 3,757 പേർ. വിജയം 99.97%.
പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയ 2,850പേരും വിജയിച്ചു. ഇതിൽ 1,390 ആൺകുട്ടികൾ. 1,460 പെൺകുട്ടികൾ. എസ്.സി (പരീക്ഷയെഴുതിയത് 68പേർ), എസ്.ടി (5), ഒ.ബി.സി (1231) വിഭാഗങ്ങളിലും നൂറ് ശതമാനം വിജയം.