അനുനയത്തിന് യു.എൻ: ഇന്ത്യയുടേത് ദൃഢ നിശ്ചയമെന്ന് ജയശങ്കർ

Thursday 01 May 2025 7:05 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ അനുനയ ശ്രമവുമായി ഐക്യരാഷ്ട്രസഭയും (യു.എൻ) വിവിധ രാജ്യങ്ങളും രംഗത്ത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഫോണിൽ സംസാരിച്ച യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്,പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിയമപരമായ മാർഗങ്ങളിലൂടെ നീതി ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഗുട്ടറെസ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.

ദുരന്തം വിതയ്ക്കുന്ന ഏ​റ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. സംഘർഷം ലഘൂകരിക്കാൻ യു.എൻ ഇടപെടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ,ആക്രമണത്തിന്റെ പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ദൃഢ നിശ്ചയം എടുത്തിട്ടുണ്ടെന്ന് ജയശങ്കർ ഗുട്ടറെസിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിന് ഗുട്ടറെസിനോട് ജയശങ്കർ നന്ദി അറിയിച്ചു.

അതേസമയം,വിഷയത്തിൽ യു.എൻ ഇടപെടണമെന്നാണ് പാകിസ്ഥാൻ ആവർത്തിക്കുന്നത്. ഇന്ത്യ തിരിച്ചടിക്കൊരുങ്ങിയെന്നും വരുന്ന 36 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ ആക്രമിക്കപ്പെടുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചെന്നും ഇന്നലെ പുലർച്ചെ 2ന് നടത്തിയ പത്രസമ്മേളനത്തിൽ പാക് വാർത്താവിനിമയ മന്ത്റി അത്താവുള്ള തരാർ ആരോപിച്ചു. ഇതോടെ കടുത്ത ഭീതിയിലാണ് പാകിസ്ഥാൻ.

പഹൽഗാം ആക്രമണത്തിൽ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും മറ്റ് രാജ്യങ്ങൾ ഇടപെടണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറയുന്നു. ഇന്ത്യയും പാകിസ്ഥാനുമായും ബന്ധപ്പെടുന്നുണ്ടെന്നും സംഘർഷം ഒഴിവാക്കണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നതായും യു.എസ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈനയും ആവർത്തിച്ചു.

# പാകിസ്ഥാൻ - ഭീകരതയുടെ ഉറവിടം

 ഭീകരരെ സ്‌പോൺസർ ചെയ്യുകയും അഭയം നൽകുകയും ചെയ്യുന്ന പാകിസ്ഥാൻ ലോകത്തെ ഏ​റ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്നെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ

 അൽ ക്വഇദ മുൻ തലവൻ ഒസാമ ബിൻ ലാദനെ 2011ൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ചാണ് യു.എസ് കമാൻഡോകൾ വധിച്ചത്

 2008ലും 2011ലും കാബൂളിലെ ഇന്ത്യൻ,അമേരിക്കൻ എംബസികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ,2024ൽ മോസ്കോയിലെ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണം,2005ൽ ലണ്ടനിലുടനീളം നടന്ന ബോംബാക്രമണങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ പാക് വേരുകൾ

 ഭീകര ശൃംഖലകൾക്ക് പാക് സർക്കാരിന്റെയും സൈന്യത്തിന്റെയും സഹായം

 ലഷ്‌കർ,ജെയ്‌ഷെ മുഹമ്മദ് തുടങ്ങി നിരവധി ഭീകര സംഘടനകളുടെ പരിശീലന ക്യാമ്പുകൾക്ക് പാകിസ്ഥാൻ ധനസഹായം നൽകുന്നു

# വിമാന സർവീസുകൾ റദ്ദാക്കി

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി പാകിസ്ഥാൻ. ഇന്നലെ പാക് അധീന കാശ്മീരിലെ ഗിൽഗിറ്റിലേക്കും സ്‌കാർഡുവിലേക്കും നടത്തേണ്ടിയിരുന്ന എല്ലാ സർവീസുകളും പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് നടപടിയെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം,നടപടി താത്കാലികമാണോ എന്ന് വ്യക്തമല്ല. ഇതിനിടെ, ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളിലും പാകിസ്ഥാൻ ജാഗ്രത ശക്തമാക്കി.

# ഭീകരരെ ന്യായീകരിച്ച് പാകിസ്ഥാൻ

പ​ഹ​ൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരഗ്രൂപ്പായ ദ റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടി.ആർ.എഫ്) പിന്തുണച്ച് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാ സമിതിയുടെ പ്രമേയത്തിൽ നിന്ന് ടി.ആർ.എഫിന്റെ പേര് ഒഴിവാക്കാൻ പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തിയെന്ന് ദർ പറഞ്ഞു. പാക് പാർലമെന്റിലായിരുന്നു ദറിന്റെ വെളിപ്പെടുത്തൽ. പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ടി.ആർ.എഫിന് ആക്രമണത്തിൽ പങ്കില്ലെന്നാണ് ദറിന്റെ വാദം. ടി.ആർ.എഫിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നും ദർ വാദിക്കുന്നു. ടി.ആർ.എഫ് ഭീകരസംഘടനയല്ലെന്നും ഒരു പ്രാദേശിക 'ഫോറം " ആണെന്നുമാണ് ദറിന്റെ ന്യായീകരണം.

# പാകിസ്ഥാന് മേൽ കുറ്റം ചുമത്തുന്നു: ഇമ്രാൻ

പഹൽഗാം ഭീകരാക്രമണം അഗാതമായി അസ്വസ്ഥപ്പെടുത്തുന്നതും ദാരുണവുമാണെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്റി ഇമ്രാൻഖാൻ. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഇമ്രാന്റെ എക്സ് അക്കൗണ്ടിലാണ് പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. ആത്മപരിശോധനയ്ക്കും അന്വേഷണത്തിനും പകരം മോദി സർക്കാർ വീണ്ടും പാകിസ്ഥാന് മേൽ കുറ്റം ചുമത്തുകയാണെന്നും പോസ്റ്റിൽ ആരോപിച്ചു.