അത്യാഡംബര ജീവിതം നയിച്ച ഹാപ്പി അംബാനി വിടപറഞ്ഞു, വളർത്തുനായയുടെ വിയോഗത്തിൽ അംബാനി കുടുംബം
അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകൾ ലോകശ്രദ്ധ നേടിയിരുന്നു. വിവാഹച്ചടങ്ങിൽ തിളങ്ങിയ മറ്റൊരു അംബാനി കൂടിയുണ്ടായിരുന്നു, അംബാനികളുടെ വളർത്തുനായയായ ഹാപ്പി അംബാനി. വിവാഹച്ചടങ്ങുകളിൽ ഡിസൈനർ വസ്ത്രങ്ങളിൽ തിളങ്ങിയ ഈ ഗോൾഡൻ റിട്രീവറുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ഹാപ്പി ലോകത്തോട് വിടപറഞ്ഞതായുള്ള വിവരമാണ് പുറത്തുവരുന്നത്.
'ഞങ്ങളുടെ പ്രിയപ്പെട്ട നായ ഹാപ്പിയുടെ വിയോഗ വാർത്ത ഏറെ ദുഃഖത്തോടെ അറിയിക്കുകയാണ്. ഒരു വളർത്തുമൃഗം എന്നതിനപ്പുറം അവൻ ഞങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. വിശ്വസ്‌തൻ, ആശ്വാസത്തിന്റെ ഉറവിടം, അതിരുകളില്ലാത്ത സ്‌നേഹം നൽകുന്നവൻ ഒക്കെയായിരുന്നു ഹാപ്പി. അവൻ ഞങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന സന്തോഷം ഒരിക്കലും മറക്കില്ല. അവൻ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും'-എന്നായിരുന്നു ഹാപ്പിയുടെ പ്രാർത്ഥനാ യോഗത്തിൽ അംബാനി കുടുംബം പറഞ്ഞത്. ഹാപ്പി അംബാനിയുടെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനം അറിയിച്ചെത്തുന്നത്.
അത്യാഡംബര ജീവിതം നയിക്കുന്ന അംബാനികളുടെ വളർത്തുനായയും അതേ ജീവിതചസാഹചര്യങ്ങളിൽ തന്നെയായിരുന്നു ജീവിച്ചത്. മൂന്ന് കോടിയുടെ മെർസിഡസ് ബെൻസ് ജി400ഡി മോഡൽ കാറിലായിരുന്നു അനന്ദ് അംബാനിയുടെ വളർത്തുനായയായ ഹാപ്പിയുടെ യാത്ര. ഈ ഡീസൽ എസ്‌യുവിയുടെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. ബെൻസിനുമുൻപ് 50 ലക്ഷത്തിന്റെ ടൊയോട്ട ഫോർച്യൂണറിലും 1.5 കോടിയുടെ ടൊയോട്ട വെൽഫൈയറിലുമായിരുന്നു ഹാപ്പിയുടെ യാത്ര.