അയോദ്ധ്യയിൽ 14 കിലോമീറ്റർ ദൂരത്തിൽ മദ്യവും മാംസവും വിൽക്കുന്നത് നിരോധിച്ചു, അടിവസ്‌ത്ര പരസ്യങ്ങൾക്കും വിലക്ക്

Friday 02 May 2025 4:20 PM IST

അയോദ്ധ്യ: അയോദ്ധ്യയെയും തൊട്ടടുത്തുള്ള ഫൈസാബാദിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാം പഥ് റോഡിൽ മാസവും മദ്യവും വിൽക്കുന്നത് നിരോധിച്ച് അയോദ്ധ്യ മുനിസിപ്പൽ കോർപറേഷൻ. ക്ഷേത്രനഗരമായ അയോദ്ധ്യയിൽ പതിറ്റാണ്ടുകളായി മദ്യവും മാംസവും നിരോധിച്ചിട്ടുണ്ട്. ഇത് ഫൈസാബാദിലേക്ക് കൂടി നീട്ടുകയാണ് ഇപ്പോൾ ചെയ്‌തിരിക്കുന്നത്. 14കിലോമീറ്റർ നീളമുള്ളതാണ് റാം പഥ് എന്ന ഈ റോഡ്.

മദ്യവും മാസവും നിരോധിച്ചതുപോലെ ഈ റോഡിൽ ഗുഡ്‌ക,ബീഡി,പാൻ,സിഗരറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്. സ്‌ത്രീകളുടെയോ പുരുഷന്മാരുടെയോ അടിവസ്‌ത്രങ്ങളുടെയോ പരസ്യങ്ങളും പാടില്ല. ഭക്തിനിറഞ്ഞ ഒരു തീർത്ഥാടന നഗരമാണ് അയോദ്ധ്യ എന്ന് മേയർ ഗിരീഷ് പാടി ത്രിപാഠി പറഞ്ഞു.നഗരത്തിലെ പ്രധാന പാതയായ റാം പഥ് ഭഗവാൻ ശ്രീരാമന്റെ പേര് ഉൾക്കൊള്ളുന്നതാണ്. നഗരത്തിന്റെ യഥാർത്ഥ ഭക്തിനിർഭരമായ ആത്മാവ് നിലനിർത്താനാണ് കോർപറേഷൻ ഉത്തരവിറക്കിയത്.

മാംസാഹാര ശാലകളും മദ്യഷോപ്പുകളും ഫൈസാബാദിലെ തെരുവുകളിലുണ്ട്. ഇതിൽ ചിലവ റാം പഥിലാണ്. ഇവിടെ ഈ വഴിയിൽ നിന്നും അര കിലോമീറ്റർ ദൂരത്ത് മാത്രമേ ഇനി മദ്യവും മാംസാഹാരവും വിൽക്കാൻ അനുവദിക്കൂ എന്നും നിലവിൽ അത്തരം വസ്‌തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ അവ നിർത്തണമെന്നും കോർപറേഷൻ അറിയിപ്പിലൂടെ ആവശ്യപ്പെട്ടു.