നാടൻ മത്സ്യങ്ങൾ കുറയുന്നു, ജീവിതം വഴിമുട്ടി തൊഴിലാളികൾ
കോട്ടയം : ഇടതോടുകളിലും പുഴകളിലും നാടൻമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. പടിഞ്ഞാറൻ പ്രദേശങ്ങളായ കുമരകം ,തിരുവാർപ്പ്, പള്ളം , കുറിച്ചി മേഖലകളിൽ നിരവധിപ്പേരുടെ ഉപജീവനമാണ് ഇതോടെ വഴിമുട്ടിയത്. ഉൾനാടൻ മത്സ്യങ്ങൾ പള്ളത്തിന് സമീപമുള്ള കരിമ്പുംകാല കടവിൽ ലേലം ചെയ്ത് നൽകിയിരുന്നു. ഒരുകാലത്ത് നാടൻ മത്സ്യങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റായിരുന്നു. മത്സ്യഫെഡ് മത്സ്യങ്ങളുടെ കുറവ് നികത്താൻ രോഹു ഉൾപ്പെടെയുള്ള മീനുകളെ ജലാശയങ്ങളിൽ നിക്ഷേപിക്കാറുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. മുൻകാലങ്ങളിൽ ദിവസവും 20 മുതൽ 30 കിലോ വരെ മത്സ്യം ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ചുകിലോയിൽ താഴെയാണ്. കാരി, വരാൽ, വാള, കൂരി, ചെമ്പല്ലി, പരൽ, പള്ളത്തി, മഞ്ഞക്കൂരി എന്നിവയാണ് ലഭിച്ചിരുന്നത്. മറ്റു മീനുകളെക്കാൾ കൂടുതൽ വിലയും ലഭിച്ചിരുന്നു. ആവശ്യക്കാരും ഏറെ ആയിരുന്നു.
മാലിന്യകേന്ദ്രമായി ഇടത്തോടുകൾ പാടശേഖരങ്ങളിൽ കീടനാശിനികളുടെ അമിത പ്രയോഗം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തോടുകളിലേക്ക് തള്ളുന്നു യഥാസമയം കായലിൽ ഉപ്പുവെള്ളം കയറ്റിവിടുന്നില്ല
ഇത് മത്സ്യങ്ങളുടെ പ്രജജനത്തെ ബാധിക്കുന്നു
''നാട്ടുമത്സ്യങ്ങൾ മാത്രം വില്പന നടത്തി കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളുണ്ട്. പുതിയ തലമുറയിലുള്ളവർ മറ്റു മേഖലകളിലേക്ക് തൊഴിൽ തേടിപോയതോടെ നാട്ടുമത്സ്യമേഖല ഓർമ്മയായി.
-(വിജയകുമാർ, മത്സ്യത്തൊഴിലാളി അസോസിയേഷൻ സെക്രട്ടറി)