കാഴ്ച കാണാം, വയർ നിറയ്ക്കാം.... വരുന്നു, രണ്ടുകോടിയുടെ കുട്ടനാട് സഫാരി ബോട്ട്

Saturday 03 May 2025 12:45 AM IST

കോട്ടയം : ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് കൂടുതൽ സഞ്ചാരികളെ ലക്ഷ്യമിട്ട് പാതിരാണലിലേയ്ക്ക് രണ്ടുകോടി രൂപ ചെലവിൽ ജലഗതാത വകുപ്പിന്റെ കുട്ടനാട് സഫാരി ബോട്ട് വരുന്നു. കുട്ടനാട്, അപ്പർകുട്ടനാട് കാഴ്ചകളും ഗ്രാമഭംഗിയും രുചിയും അറിയിച്ച് സഞ്ചാരി മനസുകളെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. കോട്ടയം, മുഹമ്മ ബോട്ട് ജെട്ടികളിൽ നിന്ന് പാതിരാമണൽ ദ്വീപ്, തണ്ണീർമുക്കം ബണ്ട്, കുമരകം വഴി സർവീസ് ആരംഭിക്കാനാണ് പദ്ധതി. ആലപ്പുഴയിൽ നിന്ന് കുട്ടനാട് ചുറ്റി ജില്ലാ അതിർത്തി വഴി കായലിലൂടെയും കൈത്തോടുകളിലൂടെയും പാതിരാമണലെത്തുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ കുമരകത്ത് കൂടി ബോട്ട് എത്തും. ഇതോടെ ജില്ലയിൽ നിന്നുള്ള കൂടുതൽ സഞ്ചാരികൾക്ക് പദ്ധതിയുടെ ഭാഗമാകാനാകും. പാതിരാമണലിൽ നാടൻ കലാരൂപങ്ങൾ അണിയിച്ചൊരുക്കാൻ ഓപ്പൺ സ്റ്റേജും വരും. രാവിലെ കയറുമ്പോൾ നാടൻ ചായക്കടയിൽ നിന്ന് ചായയും പലഹാരങ്ങളും ഉച്ചയ്ക്ക് ഷാപ്പിൽ നിന്ന് നാടൻ ഊണും ഉൾപ്പെടുന്ന പാക്കേജാണുള്ളത്. പാതിരാമണൽ വികസനത്തിന്റെ ഭാഗമായി പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി.

 ഇന്ധനമാകുന്നത് മുൻപദ്ധതികൾ

ആലപ്പുഴയിൽ നിന്നുള്ള വേഗ, സി കുട്ടനാട് ബോട്ടുകളുടെ കളക്ഷൻ 3 കോടിയും, ജലഗതാഗത വകുപ്പിന്റെ കീഴിൽ മുഹമ്മ ബോട്ട് ജെട്ടിയിൽനിന്ന് സ്‌പെഷ്യൽ ബോട്ട് സർവീസ് വഴി 10 ലക്ഷം രൂപയും ലഭിച്ചതാണ് ടൂറിസം മേഖലയുമായി കൈകോർക്കാൻ ജലാഗത വകുപ്പിന് ഇന്ധനം. കുട്ടനാട് സഫാരി ബോട്ട് സർവീസ് വരുന്നതോടെ വരുമാനമേറും. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽസാദ്ധ്യതയും പ്രതീക്ഷിക്കുന്നു.

പാതിരാമണലിന്റെ മുഖച്ഛായ മാറും  കുമരകത്ത് നിന്ന് പാതിരാമണലിലേക്കു പോകുന്നവരുടെ എണ്ണം വർദ്ധിക്കും

 വികസനപദ്ധതികൾ പാതിരാമണലിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും

 ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളുണ്ടാകും, തദ്ദേശീയർക്കും നേട്ടം

'' ബോട്ട് പാണാവള്ളിയിലെ യാർഡിൽ ഒരുങ്ങുകയാണ്. ഉടൻ മന്ത്രി ഗണേഷ് കുമാർ എത്തി വിലയിരുത്തും. ജൂണിൽ പദ്ധതി ആരംഭിക്കാനാകും

'' ഷാജി വി.നായർ, ജലഗതാഗതവകുപ്പ് ഡയറക്ടർ