ചരിത്രപരമായ തീരുമാനം

Saturday 03 May 2025 4:04 AM IST

ഇന്ത്യയിലെ പിന്നാക്ക സമുദായങ്ങളുടെ സമകാലീന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നായിരുന്നു ജാതി സെൻസസ് നടത്തണമെന്നത്. എന്നാൽ അത് ഹിന്ദുക്കളെ വിഘടിപ്പിക്കുമെന്ന തൊടുന്യായം പറഞ്ഞ് കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പി ഇത്രകാലവും അതിന് വഴങ്ങിയിട്ടില്ലായിരുന്നു. അതേസമയം രാഹുൽഗാന്ധിയും ഇന്ത്യാസഖ്യവും നിരന്തരം ഉയർത്തിപ്പിടിക്കുന്ന ഒരാവശ്യം കൂടിയായിരുന്നു അത്. ഏറ്റവും ഒടുവിൽ ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് എല്ലാ അർത്ഥത്തിലും സ്വാഗതാർഹവും അഭിനന്ദനീയവുമായ തീരുമാനമാണ്. അടുത്ത പൊതു സെൻസസിനൊപ്പം സമ്പൂർണ ജാതി സെൻസസ് നടത്താനാണ് ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ ഉപസമിതി തീരുമാനിച്ചത്.

സ്വതന്ത്ര ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ജാതി സെൻസസ് ആയിരിക്കും അത്. നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലവിലുള്ളതാണ് മനുഷ്യനിർമ്മിതമായ ജാതി സമ്പ്രദായം. തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ജാതി സമ്പ്രദായം ഉരുത്തിരിഞ്ഞതെന്ന് പറയുമ്പോഴും അതിന്റെ പേരിൽ പിന്നാക്ക വിഭാഗങ്ങൾ അനുഭവിച്ച അനീതികളും അകറ്റിനിറുത്തലുകളും അവഗണനയും എണ്ണിയാൽ ഒടുങ്ങുന്നതല്ല. ഹിന്ദു സമൂഹം എന്നത് ആയിരക്കണക്കിന് ഉപജാതികൾ അടങ്ങിയ ഒരു കൂട്ടമാണ്. അധികാരത്തിന്റെ എല്ലാ ശ്രേണികളിലും ഉയർന്ന ജാതിക്കാർ എന്നു പറയുന്നവർക്കു മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർക്ക് സ്വാതന്ത്ര്യ‌‌ത്തിനു മുമ്പുള്ള കാലങ്ങളിൽ പ്രാഥമിക അവകാശമായ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടിരുന്നു.

പിന്നീട് അവസരങ്ങൾ തുറന്നുകിട്ടിയപ്പോൾ വിദ്യാഭ്യാസം അടിസ്ഥാനമാകുന്ന ഏതു ജോലിയിലും പിന്നാക്ക വിഭാഗക്കാർ ആർക്കും പിന്നിലല്ല എന്ന് സംശയാതീതമായി തെളിയിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും ഈ ആധുനിക കാലത്തും കേന്ദ്ര ക്യാബിനറ്റ് ഉദ്യോഗസ്ഥരിലും സുപ്രീംകോടതിയിലും ഹൈക്കോടതികളിലും മറ്റ് പ്രമുഖ ഭരണഘടനാ സ്ഥാപനങ്ങളിലും ഹിന്ദുക്കളിലെ ഉയർന്ന വിഭാഗങ്ങളുടെ ആധിപത്യമാണ് ഇന്നും നിലനിൽക്കുന്നത്. സ്വാതന്ത്ര്യ‌ം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സുപ്രീംകോടതിയിൽ ഈഴവ വിഭാഗത്തിൽ നിന്നുള്ള ഒരു ജഡ്‌ജി ഉണ്ടായിട്ടില്ല. പിന്നാക്കക്കാർക്കും മറ്റും സംവരണം നൽകുന്നതിനെതിരെ ഇന്നും മുറവിളി കൂട്ടുന്നവർ കുറവല്ല. സുപ്രീംകോടതി പോലും, സംവരണത്തിന് അർഹരാകണമെങ്കിൽ സെൻസസ് പ്രകാരമുള്ള രേഖ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ജാതി സെൻസസ് നടത്താത്തിടത്തോളം അങ്ങനെയൊരു രേഖ പിന്നാക്ക വിഭാഗങ്ങൾക്ക് സമർപ്പിക്കാനാവില്ല.

അതേസമയം മുസ്ളിം, ക്രിസ്ത്യൻ സമുദായങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും അത് സമർപ്പിക്കാൻ കഴിയുമായിരുന്നു. എത്ര ഈഴവ, നായർ അംഗങ്ങൾ കേരളത്തിലുണ്ടെന്ന് ഊഹക്കണക്കുകൾ പറയുക എന്നതല്ലാതെ അംഗീകൃതമായ സെൻസസ് രേഖ സമർപ്പിക്കാനാവില്ലായിരുന്നു. കേന്ദ്ര സർക്കാർ ആദ്യം അനുകൂലമല്ലായിരുന്നെങ്കിലും അടുത്തുവരുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ജാതി സെൻസസ് നടപ്പാക്കാനുള്ള അടിയന്തര തീരുമാനം എടുത്തത്. അത് എന്തായാലും ചരിത്രപരമായ തീരുമാനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടതാണ്. അടുത്ത പൊതു സെൻസസ് എന്ന് നടത്തുമെന്നുകൂടി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഉടൻ തയ്യാറാകണം. 2011-ലാണ് രാജ്യത്ത് ഒടുവിൽ സമ്പൂർണ സെൻസസ് നടത്തിയത്. 2021-ൽ കൊവിഡ് വ്യാപനം മൂലം പൊതു സെൻസസ് നടന്നില്ല.