വിഴിഞ്ഞം ഇനി വികസന കവാടം
കേരളത്തിന്റെ വികസന ചരിത്രത്തിലെ മാത്രമല്ല, ഇന്ത്യയുടെ പുരോഗതിയിലെ തന്നെ ഒരു നാഴികക്കല്ലാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ മാതൃകാ വ്യതിയാനം തന്നെ സൃഷ്ടിക്കുന്ന വമ്പൻ പദ്ധതിയുടെ വാതായനങ്ങളാണ് വിഴിഞ്ഞത്തിന്റെ സാഫല്യത്തിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലായ വിഴിഞ്ഞം ഇനി കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന്റെ കവാടമായി ചരിത്രത്തിൽ പരിലസിക്കും. വികസനത്തിന്റെ പുതുതലമുറ യുഗത്തിനു മാതൃകയാണ് വിഴിഞ്ഞം എന്നാണ് തുറമുഖം കമ്മിഷൻ ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. വികസനത്തിലൂന്നിയ ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഉദയംകൂടിയാണ് ഈ തുടക്കമെന്ന സന്ദേശമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലൂടെ നൽകിയത്.
വിലകുറഞ്ഞ രാഷ്ട്രീയ വിരോധത്തിനു പിറകെ പോകാതെ നാടിന്റെ വികസനത്തിനായി ഒരുമിച്ചു പോരാടണം എന്ന അർത്ഥത്തിലാണ് നമുക്ക് ഒരുമിച്ച് വികസന കേരളം പടുത്തുയർത്താം എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്. മലയാളത്തിൽ തുടങ്ങിവച്ച തന്റെ ഉദ്ഘാടന പ്രസംഗം 'ജയ് കേരളം ജയ് ഭാരതം" എന്ന അഭിമാന മുദ്രാവാക്യത്തോടെയാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനവും കൈകോർത്ത് പ്രവർത്തിച്ചതിലൂടെയാണ് വിഴിഞ്ഞം തുറമുഖം അതിവേഗം കമ്മിഷൻ ചെയ്യാനായത്. അക്കാര്യത്തിൽ നിർലോപമായ പിന്തുണയും മോദി സർക്കാരിൽ നിന്ന് ലഭിക്കുകയുണ്ടായി. തുറമുഖ നിർമ്മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് വളരെ വേഗം ആദ്യഘട്ടത്തിന്റെ പണിതീർത്തു. അതിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു.
വിഴിഞ്ഞം സാക്ഷാത്കരിക്കപ്പെട്ടതിൽ ഏറിയും കുറഞ്ഞും കെ. കരുണാകരനും ഇ കെ. നായനാർക്കും എ.കെ. ആന്റണിക്കും വി.എസ്. അച്യുതാനന്ദനും ഉമ്മൻചാണ്ടിക്കും എം.വി. രാഘവനും പിണറായി വിജയനും വി.എൻ. വാസവനുമൊക്കെ പങ്കുണ്ട്. അതെല്ലാം മനസിൽ സൂക്ഷിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട്.
അതിന്റെ പേരിൽ കലഹിക്കുന്നത് നമ്മുടെ നാടിന്റെ അഭിമാനപൂരിതമായ ഒരുമയ്ക്ക് പരിക്കേൽപ്പിക്കും. വിഴിഞ്ഞത്തിന്റെ വിജയഗാഥ കേരളത്തിന്റെ മുഴുവൻ വിജയമായി ആഘോഷിക്കാൻ നമുക്കു കഴിയണം. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ക്രെഡിറ്റ് നാടിന്റേതാണ് എന്നതാണ് ശരി. വികസന പ്രക്രിയയിൽ സ്വകാര്യ പങ്കാളിത്തം കൂടാതെ മുന്നോട്ടുപോകാൻ പ്രയാസമാണെന്ന വസ്തുതയും എല്ലാവരും തിരിച്ചറിയേണ്ടതാണ്. മന്ത്രി വി.എൻ. വാസവൻ സ്വാഗത പ്രസംഗത്തിൽ സർക്കാരിന്റെ പങ്കാളിയായി അദാനിയെ വിശേഷിപ്പിച്ചതിനെ പ്രധാനമന്ത്രി പ്രകീർത്തിക്കുകയും ചെയ്തു. തുറമുഖത്തിന്റെ കാര്യത്തിൽ സ്വീകരിച്ച ഈ സമീപനം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിലും പുലർത്തേണ്ടതാണ്. 2028-ൽ സമ്പൂർണ ഘട്ടങ്ങളും പൂർത്തീകരിക്കുന്നതോടെ ലോകത്തിലെ നമ്പർ വൺ തുറമുഖമായി വിഴിഞ്ഞം മാറും. ഇപ്പോൾത്തന്നെ ലോകത്തെ പ്രധാന തുറമുഖങ്ങളോടൊപ്പം മുൻ നിരയിലാണ് വിഴിഞ്ഞത്തിന്റെ സ്ഥാനം.
കേരളത്തിന്റെ ഈ സ്വപ്നം ഇന്നലെ സാക്ഷാത്കൃതമായപ്പോൾ അതിൽ ചെറുതല്ലാത്ത ഒരുപങ്ക് വഹിക്കാൻ കഴിഞ്ഞുവെന്നചാരിതാർത്ഥ്യം ഞങ്ങൾക്കുമുണ്ട്. അന്താരാഷ്ട്ര തുറമുഖങ്ങളുടെ ദു:സ്വാധീനത്താൽ വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാൻ പല നീക്കങ്ങളും പ്രക്ഷോഭങ്ങളും നടന്നപ്പോൾ അതിനെല്ലാമെതിരെ സുശക്തമായ നിലപാട് കൈക്കൊള്ളുകയും യാഥാർത്ഥ്യങ്ങൾ ഒന്നൊന്നായി ഞങ്ങൾ തുറന്നു കാട്ടുകയും ചെയ്തു. വിവാദങ്ങളല്ല, വികസനമാണ് കേരളത്തിനു വേണ്ടതെന്ന കാഴ്ചപ്പാടോടെ ആ കള്ളക്കളികൾ പൊളിച്ചടുക്കി. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായപ്പോൾ അതിനു പിന്നിലെ നിഷിപ്തതാത്പര്യക്കാരുടെ മുഖംമൂടി തുറന്നുകാട്ടി. വിഴിഞ്ഞം തുറമുഖം ഒരു ആശയമായി നിലനിൽക്കുമ്പോൾത്തന്നെ ഈ തുറമുഖം യാഥാർത്ഥ്യമായാലുണ്ടാകുന്ന സവിശേഷതകൾ എടുത്തുകാട്ടി. ഒടുവിൽ ഇത് കമ്മിഷൻ ചെയ്യുമ്പോൾ നാടിന്റെ സന്തോഷത്തിൽ നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളും പങ്കുചേരുകയാണ്.