മഞ്ഞൾസത്ത് മാറ്റി ചണ്ടി മഞ്ഞൾ പൊടിയാക്കുന്നു................. കാഴ്ചക്കാരുടെ റോളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്

Saturday 03 May 2025 12:07 AM IST

കോട്ടയം : മഞ്ഞളിന്റെ സത്തായ 'കുർക്കുമീൻ' എടുത്ത ശേഷം 'ചണ്ടി' മഞ്ഞൾ പൊടിയാക്കുന്നത് വ്യാപകമായിട്ടും

നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാവകുപ്പ്. അന്താരാഷ്ട്ര വിപണിയിൽ കുർക്കുമീന് ആവശ്യകത വർദ്ധിച്ചതോടെയാണ് ഇത് വേർതിരിച്ചെടുക്കുന്ന നിരവധി കമ്പനികൾ അയൽ സംസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ചത്. മഞ്ഞൾപ്പൊടിയ്ക്ക് പകരം സത്തിനാണ് വിദേശങ്ങളിൽ പ്രിയം. മസാലക്കൂട്ടിന് പുറമെ ,സുഗന്ധ ദ്രവ്യങ്ങൾക്കും, ആയുർവേദ മരുന്നുകൾക്കുമെല്ലാം കുർക്കുമീനാണ് ഉപയോഗിക്കുന്നത്. ഇത് വേർതിരിച്ച ശേഷമുള്ള അവശിഷ്ടമാണ് കറി പൗഡർ കമ്പനികൾ വൻതോതിൽ ഉപയോഗിക്കുന്നത്. ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കുന്നതിന് ജില്ലാ, സംസ്ഥാന തലത്തിൽ ഭക്ഷസുരക്ഷാ വകുപ്പിന്റെ സമിതികൾ ഉണ്ടെങ്കിലും കാര്യക്ഷമമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കറിപ്പൊടികൾ ചെക്കുപോസ്റ്റുകളിൽ പരിശോധിക്കാൻ സംവിധാനമില്ല. ലാബുകളിലെ പരിശോധന പേരിന് മാത്രമാണ്. ഫലം ലഭിക്കാൻ കാലത്താമസവുമെടുക്കും.

വില കൂടിയില്ല, കർഷകന് മഞ്ഞളിപ്പ്

മഞ്ഞൾ കൃഷി രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മഞ്ഞൾ ബോർഡ് രൂപീകരിച്ച് കർഷകർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ കേരളത്തിലും നിരവധിപ്പേരാണ് മഞ്ഞൾ കൃഷിയിലേക്ക് തിരിഞ്ഞത്. കുർക്കുമീൻ എടുത്ത ശേഷമുള്ള അവശിഷ്ടം തമിഴ്നാട്ടിൽ നിന്ന് ആവശ്യാനുസരണം കറി പൗഡർ കമ്പനികൾ വാങ്ങാൻ തുടങ്ങിയതോടെ നാടൻ മഞ്ഞളിന് വില കൂടിയില്ല. ഇതോടെ കർഷകർക്ക് വൻസാമ്പത്തിക നഷ്ടമാണുണ്ടായത്. ചണ്ടി ഉപയോഗിച്ച് മഞ്ഞൾപ്പൊടി ഉണ്ടാക്കുമ്പോൾ കിലോയ്ക്ക് നൂറു രൂപയിൽ താഴെ മാത്രമാണ് ചെലവ്.

ആരോഗ്യത്തിന് ഹാനികരം

ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നത് മഞ്ഞളിലെ കുർക്കുമീനാണ്. ഇത് മാറ്റിയുള്ള ചണ്ടി ചേർത്തുള്ള മഞ്ഞൾപ്പൊടി ഉപയോഗം ലിവർ സിറോസിസിനും,ക്യാൻസറിനും വരെ കാരണമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

''

സംസ്ഥാനത്ത് മഞ്ഞൾ പൊടിയിൽ വ്യാപകമായി കൃത്രിമം നടത്തിയിട്ടും , ഭക്ഷ്യ സുരക്ഷ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.

-എബി ഐപ്പ് (ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം)