മകളുടെ കരൾ സ്വീകരിക്കാൻ കാത്തുനിന്നില്ല, വിഷ്‌ണുപ്രസാദ് യാത്രയായി
മകളുടെ കരൾ സ്വീകരിക്കാൻ കാത്തുനിൽക്കാതെ സീരിയൽ -സിനിമാ നടൻ വിഷ്ണുപ്രസാദ് യാത്രയായി. ആരോഗ്യാവസ്ഥ തീർത്തും മോശമായതിനാൽ കരൾ മാറ്റിവയ്ക്കാതെ മറ്റൊരു മാർഗമില്ലെന്ന് ആശുപത്രിയിൽ നിന്ന് വിഷ്‌ണുവിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നതാണ്. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. ചികിത്സയ്ക്കായി ഏകദേശം 30 ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ 'ആത്മ" അടിയന്തര സഹായമായി ഒരു തുക നൽകിയിരുന്നു. പിന്നീട് സുഹൃത്തുക്കളും മറ്റും ഓൺലൈൻ ചാരിറ്റി ഫണ്ടിലൂടെയും തുക കണ്ടെത്താൻ ശ്രമം ആരംഭിച്ചിരുന്നു. ഇതിനുള്ള തുക സമാഹരിക്കുന്നതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. വില്ലൻ വേഷത്തിലൂടെയാണ് വിഷ്‌ണുപ്രസാദ് സീരിയലിലും സിനിമയിലും ശ്രദ്ധേയനാകുന്നത്. വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം കാശിയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.കൈയെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻജോൺസൺ, ലോകനാഥൻ ഐ.എ.എസ് , പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സീരിയൽ രംഗത്തു സജീവമായി പ്രവർത്തിക്കുമ്പോഴാണ് രോഗബാധിതനാകുന്നത്.