ജനനായകൻ കൊടൈക്കനാലിൽ

Saturday 03 May 2025 6:36 AM IST

അവസാന ഷെഡ്യൂൾ

വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ കൊടൈക്കനാലിൽ പുരോഗമിക്കുന്നു. ലൊക്കേഷനിൽ വിജയ് ജോയിൻ ചെയ്തു. കൊടൈക്കനാലിലെ ലൊക്കേഷനിലേക്ക് തന്നെ കാണാൻ വരരുതെന്നും ഹെൽമറ്റ് ധരിക്കാതെ സാഹസികമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത് തന്റെ വാഹനത്തെ പിന്തുടരുന്നത് ഉപേക്ഷിക്കണമെന്നും ആരാധകരോട് വിജയ് നടത്തിയ അഭ്യർത്ഥന ശ്രദ്ധേയമായി. ജനനായകൻ എന്ന ചിത്രത്തോടെ വിജയ് അഭിനയരംഗം പൂർണമായും ഉപേക്ഷിക്കുകയാണ്. 121 കോടിക്ക് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്.പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ജനനായകൻ 2026 ജനുവരി 9ന് പൊങ്കലിന് റിലീസ് ചെയ്യും. നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെയിടയിൽ നിന്ന് സ്റ്റൈലിഷ് ലുക്കിൽ സെൽഫി എടുക്കുന്ന വിജയ്‌യുടെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. വിജയ്‌യുടെ യഥാർത്ഥ ജീവിതത്തിലെ ആരാധകർക്കൊപ്പമുള്ള സെൽഫി നിമിഷങ്ങളുമായി പോസ്റ്ററിന് സാമ്യവുമുണ്ട്. അതേസമയം പൂജ ഹെഡ്‌ഗെ ആണ് നായിക. പ്രകാശ്‌‌രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയമണി, മമിത ബൈജു തുടങ്ങി വൻ താരനിരയുണ്ട്. സംഗീതം അനിരുദ്ധ് രവിചന്ദർ ,

വെങ്കട് കെ. നാരായണ ആണ് കെ.വി.എൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും രോഹിത് എൻ.കെ.യുമാണ് സഹനിർമ്മാണം. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്‌ഷൻ അനിൽ അരശ്, ആർട്ട് : വി. സെൽവകുമാർ. എഡിറ്റർ: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രഫി : ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, മേക്കപ്പ് നാഗരാജ, പ്രൊഡക്‌ഷൻ കൺട്രോളർ: വീരശങ്കർ.