വക്കത്തെ പൊതുചന്തകൾ സ്മാർട്ടാവും

Saturday 03 May 2025 2:41 AM IST

വക്കം: വക്കം പഞ്ചായത്തിലെ പൊതുചന്തകൾ ഇനി സ്മാർട്ടാവും. ഇതിന്റെ ഭാഗമായി വക്കം-മങ്കുഴി,നിലയ്ക്കാമുക്ക് മത്സ്യമാർക്കറ്റുകളുടെ നവീകരണ നിർമ്മാണോദ്ഘാടനം നടന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മത്സ്യമാർക്കറ്റുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി.പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയുന്ന വിധത്തിലാണ് മത്സ്യമാർക്കറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് മാർക്കറ്റുകളുടെ നിർമ്മാണം.

അടിസ്ഥാന സൗകര്യങ്ങൾ നിലച്ചു

ചന്തയ്ക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ നിലച്ചതും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വക്കം മങ്കുഴിയിൽ ചന്തയ്ക്കുള്ളിൽ കയറാതെ മത്സ്യത്തൊഴിലാളികൾ റോഡിന് ഇരുവശങ്ങളിലും ഇരുന്നാണ് കച്ചവടം നടത്തുന്നത്. കാലവർഷം ആരംഭിക്കുന്നതോടെ പ്രവേശന കവാടത്തിൽ വെള്ളക്കെട്ട് രൂപപ്പെടും. ചന്തയിലെ മലിനജലം ഒലിച്ചുപോകാതെ കെട്ടിക്കിടക്കും. സമീപത്തെ കടകളിലെ മാലിന്യങ്ങളെല്ലാം ചന്തയ്ക്കുള്ളിലാണ് കൊണ്ടിടുന്നത്. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും വേറെ. 2017ൽ പഞ്ചായത്ത് ചന്തയോടു ചേർന്ന് നിർമ്മിച്ച മൂന്ന് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടവും പ്രവർത്തനം തുടങ്ങാതെ നശിച്ചുതുടങ്ങി. പലസ്ഥലങ്ങളിലായി കാടുപിടിച്ച് കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളാൽ നിലയ്ക്കാമുക്ക് മാർക്കറ്റ് പ്രവർത്തനം അവതാളത്തിലായിരുന്നു. മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ ചെലവിട്ട് ഉദ്ഘാടനം നടത്തിയ ഖരമാലിന്യസംസ്കരണ പ്ലാന്റ് ഒരു ദിവസം പോലും പ്രവർത്തിക്കാതെ പൂട്ടി. വെയിലും മഴയുമേറ്റ് മരച്ചില്ലകളിൽ കെട്ടിയ ടാർപ്പോളിന്റെ തണലിലാണ് ഇവിടുത്തെ കച്ചവടമിപ്പോൾ.ചൂട് കടുത്തതോടെ വ്യാപാരികൾ ദുരിതത്തിലാണ്.

*വക്കം - മങ്കുഴി

മത്സ്യമാർക്കറ്റിൽ

391.31ച.മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഒരുനില കെട്ടിടത്തിൽ 18 മത്സ്യവില്പന സ്റ്റാളുകളും,എട്ട് കടമുറികളും,രണ്ട് കോൾഡ് സ്റ്റോറേജ് മുറികൾ,മൂന്ന് ബുച്ചർ സ്റ്റാളുകൾ,പ്രിപ്പറേഷൻ മുറി,ഫ്രീസർ മുറി,സ്റ്റോർ,ശുചിമുറികൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കിഫ്ബി ഫണ്ടിൽ നിന്ന് 1.95കോടി രൂപ അനുവദിച്ചു

*നിലയ്ക്കാമുക്ക്

439ച.മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഒരുനില കെട്ടിടത്തിൽ 15 മത്സ്യവില്പന സ്റ്റാളുകൾ,5 കടമുറികൾ, 3 ബുച്ചർ സ്റ്റാളുകൾ, ഫ്രീസർമുറി, പ്രിപ്പറേഷൻ മുറി, ദിവസ കച്ചവടക്കാർക്കായുള്ള സ്ഥലം,ടോയ്ലെറ്റ് സംവിധാനം എന്നിവ ഏർപ്പെടുത്തും.ഇതിനായി 1.55 കോടി രൂപ അനുവദിച്ചു.2വിപണന സ്റ്റാളുകളിലും സ്റ്റെയിൻലസ് സ്റ്റീൽ ഡിസ്‌പ്ളേ ട്രോളികൾ,സിങ്കുകൾ,ഡ്രെയിനേജ് സംവിധാനം,മാൻഹോളുകൾ എന്നിവയും സജ്ജമാക്കും. മാലിന്യ സംസ്കരണത്തിനായി എഫ് ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനവും ഒരുക്കും.

ഇഴജന്തുക്കളുടെ ശല്യവും

മാർക്കറ്റിലെ വിവിധയിടങ്ങളിൽ മതിലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.പുല്ലും പാഴ്ച്ചെടികളും വളർന്ന് ഇഴജന്തുക്കളുടെ താവളമാണിപ്പോൾ ഇവിടം. വൃത്തിഹീനമായ മാർക്കറ്റിനുള്ളിൽ മീൻ വാങ്ങാൻ പോലും ആളുകൾ എത്താതായതോടെ കച്ചവടക്കാർ മെയിൻറോഡിന്റെ ഇരുവശങ്ങളിലുള്ള ഓടയുടെ മുകളിലുള്ള സ്ലാബുകളിൽ ഇരുന്നാണ് കച്ചവടം നടത്തുന്നത്.