വേവ്സ് ഉച്ചകോടിയിൽ മോദി, വിനോദ വ്യവസായത്തിൽ ഇന്ത്യ ലോകശക്തിയാവും
മുംബയ്: ഓറഞ്ച് സമ്പദ്‌വ്യവസ്ഥയിലൂടെ വിനോദവ്യവസായത്തിൽ ഇന്ത്യ ആഗോള ശക്തിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത രാജ്യമാവാനുള്ള യാത്രയിൽ ഇത് നിർണായകമാവും. ഉള്ളടക്കം, സർഗാത്മകത, സംസ്കാരം എന്നിവയിൽ അധിഷ്ഠിതമാണ് ഓറഞ്ച് സമ്പദ്‌വ്യവസ്ഥ. സിനിമാനിർമ്മാണം, ഡിജിറ്റൽ ഉള്ളടക്കം, ഗെയിമിംഗ്, ഫാഷൻ, സംഗീതം എന്നിവയിൽ ഇന്ത്യ ലോകശക്തിയാവും. ലോക ശ്രവ്യ-ദൃശ്യ-വിനോദ ഉച്ചകോടിയായ 'വേവ്സ്' മുംബയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറുകോടി ജനങ്ങളുള്ള ഇന്ത്യ നൂറുകോടിയിലേറെ കഥകളുടെ നാടുകൂടിയാണ്. ലോകം കഥപറച്ചിലിന്റെ പുതിയ വഴികൾ തേടുമ്പോൾ ഇതിന്റെ നിധിയാണ് ഇന്ത്യയിലുള്ളത്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉടൻ ഇന്ത്യ മാറും. മൊബൈൽഫോൺ നിർമ്മാണത്തിൽ ലോകത്ത് രണ്ടാമതാണ്. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണിവിടെ. രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങൾക്ക് തനത് പാരമ്പര്യവും കഥപറച്ചിൽ ശൈലിയുമുണ്ട്. 'ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക' എന്നതാണ് വിനോദമേഖലയിലെ കാഴ്ചപ്പാട്.
ഇന്ത്യൻ സിനിമകൾ നൂറിലേറെ രാജ്യങ്ങളിലെ പ്രേക്ഷകരിലേക്കെത്തി. ഒ.ടി.ടി വ്യവസായം പത്തിരട്ടി വളർച്ച കൈവരിച്ചു. ഇന്ത്യൻ പാചകരീതി ആഗോളതലത്തിൽ പ്രിയപ്പെട്ടതായി. സംഗീതത്തിനും സമാനമായ അംഗീകാരമുണ്ട്. മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഡോ.എൽ.മുരുകൻ, നടൻ മോഹൻലാൽ, ഷാരൂഖ് ഖാൻ, അമീർഖാൻ, ഹേമമാലിനി, രജനീകാന്ത്, രാജമൗലി, അനിൽകപൂർ, നാഗാർജ്ജുന മുകേഷ്അംബാനി എന്നിവർ പ്രസംഗിച്ചു.
'ആനിമേറ്റർമാരെ
ആഗോള ചാമ്പ്യന്മാരാക്കും'
ഇന്ത്യൻ ആനിമേറ്റർമാരെയും ഗെയിമർമാരെയും ആഗോള ചാമ്പ്യന്മാരാക്കി മാറ്റുമെന്ന്
മോദി പറഞ്ഞു. അവരുടെ ഉള്ളടക്കത്തിന്റെ തട്ടകമായി ഇന്ത്യ മാറും. നിക്ഷേപകർ വിനോദ പ്ലാറ്റ്ഫോമുകളിൽ മാത്രമല്ല, വ്യക്തികളിലും നിക്ഷേപിക്കണം. യുവാക്കൾ ഇതുവരെപറയാത്ത കഥകൾ ലോകവുമായി പങ്കിടണം.
ഐ.ഐ.സി.ടി
സ്ഥാപിക്കും
ഐ.ഐ.ടി, ഐ.ഐ.എം എന്നിവയുടെ മാതൃകയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രിയേറ്റീവ് ടെക്നോളജി (ഐ.ഐ.സി.ടി) മുംബയിൽ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഇതിനായി കേന്ദ്രം 400കോടി അനുവദിച്ചു. ആനിമേഷൻ, വിഷ്വൽഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയിൽ കോഴ്സുകളുണ്ടാവും. കേരളത്തിലടക്കം മേഖലാ ക്യാമ്പസുകളും ഭാവിയിൽ തുറക്കും.