വെങ്ങരയിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിന് തീപ്പിടിച്ചു 40 ലക്ഷത്തിന്റെ നഷ്ടമെന്ന് ഉടമ
പഴയങ്ങാടി.വെങ്ങരയിലുള്ള മാടായി സർവീസ് ബാങ്ക് പ്രധാനശാഖക്ക് മുൻവശമുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലും ഹോം സെന്ററിനും തീപ്പിടിച്ച് ലക്ഷങ്ങളുടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചു.വെങ്ങര സ്വദേശിയായ പാഞ്ചാലി സുനിഷിന്റെ ഉടമസ്ഥതയിലുള്ള പിജീസ് ഹോം അപ്ലയിസ് കടയിലും ഇൻഡിസൈൻസ് എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിലുമാണ് തീപ്പിടിത്തം ഉണ്ടായത്.
ഇന്നലെ രാവിലെ 9 മണിയോടെ അടച്ചിട്ട കടയുടെ ഉള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട സമീപ കടകളിലെ വ്യാപാരികൾ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാരും കടയുടമസ്ഥനും സ്ഥലത്ത് എത്തിയത്. കടയുടെ മുൻവശത്തുള്ള ഗ്ലാസ് തകർത്ത് നാട്ടുകാർ തീ അണക്കാൻ ശ്രമിക്കുന്നതിനിടെ പയ്യന്നുരിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തി. ഒരു മണിക്കൂറോളമുള്ള പ്രയത്നത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചു. കട പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു.പഴയങ്ങാടി സി ഐയുടെ നേതൃത്വത്തിൽ പഴയങ്ങാടി പൊലിസും സ്ഥലത്ത് എത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.