നെൽവില കിട്ടിയില്ല, നിലമൊരുക്കാൻ നിവൃത്തിയില്ലാതെ കർഷകർ

Saturday 03 May 2025 1:21 AM IST

ആലപ്പുഴ: രണ്ടാംകൃഷിക്കുള്ള പമ്പിംഗിന്റെ ലേല നടപടികൾ ആരംഭിച്ചിട്ടും, പുഞ്ചകൃഷിയിൽ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ കർഷകർ. പുഞ്ചകൃഷി നെല്ല് സംഭരണം അവസാന ഘട്ടത്തിലാണ്. എന്നാൽ, രണ്ട് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ അടുത്ത കൃഷിക്ക് മാ‌ർഗമില്ലാതെ ദുരിതത്തിലാണ് ക‌ർഷകർ.

മാ‌ർച്ച് 15 വരെ പുഞ്ചകൃഷിയിലെ നെല്ല് സപ്ലൈകോയ്ക്ക് കൈമാറിയ കർഷകരുടെ പേയ്മെന്റാണ് സപ്ളൈകോ അംഗീകരിച്ചതെങ്കിലും പലർക്കും പണം അക്കൗണ്ടിലെത്തിയിട്ടില്ല. സപ്ളൈകോയുടെ കണക്ക് പ്രകാരം പുഞ്ച കൃഷി വിളവെടുപ്പ് 91.08 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതിൽ 11.42 കോടിരൂപയാണ് നെൽവിലയായി നൽകാൻ സപ്ളൈകോ ബാങ്കുകൾക്ക് കൈമാറിയിട്ടുള്ളത്. സർക്കാരിൽ നിന്ന് നെല്ല് സംഭരണത്തിനുള്ള തുക അനുവദിക്കാത്തതിനാൽ മാർച്ച് 15ന് ശേഷമുളള പാഡി പേയ്മെന്റ് രസീതുകൾ സപ്ളൈകോയിൽ പാസാക്കാതെ കെട്ടിക്കിടക്കുകയാണ്. ഇതാണ് ക‌ർഷകർക്ക് പണം ലഭിക്കുന്നതിലെ കാലതാമസത്തിന് കാരണം. കുട്ടനാട്ടിലെ ക‌ർഷകരിൽ ഭൂരിഭാഗവും പുഞ്ചക്കൃഷി ചെയ്യുന്നവരാണ്. പുഞ്ചകൃഷിയുടെ പണം വൈകുന്ന സാഹചര്യത്തിൽ രണ്ടാം കൃഷിക്ക് മുടക്കാൻ കാശില്ലാത്ത വിഷമത്തിലാണ് അവർ.

മന്ത്രിയുടെ യോഗത്തിലും ചർച്ചയായില്ല

1.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ അനിൽ ഇന്നലെ വിളിച്ചുചേർത്ത വീഡിയോ കോൺഫറൻസിലും നെൽവില വിതരണം വൈകുന്ന കാര്യം ചർച്ചയായില്ല

2.മുഖ്യമന്ത്രിയും സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ നെല്ലിന്റെ വിലവിതരണത്തിൽ തീരുമാനമുണ്ടാകാനിടയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന

3.പുഞ്ച സ്പെഷ്യൽ ഓഫീസിൽ പമ്പിംഗിന്റെ ലേലം കഴിഞ്ഞദിവസം ആരംഭിച്ചതോടെ അടുത്ത കൃഷിയ്ക്കുള്ള ഒരുക്കത്തിലാണ് കുട്ടനാട്. നിലം ഉഴാനും പുറം ബണ്ടുകളും വരമ്പുകളുമൊരുക്കാനും വെള്ളം കയറ്റാനുമെല്ലാം പണം കൂടിയേ തീരൂ

4.പുഞ്ചകൃഷിയിൽ പമ്പിംഗിന് ഏക്കറിന് 1800 രൂപയാണ് നിരക്കെങ്കിൽ രണ്ടാം കൃഷിയിൽ ഇത് നൂറുരൂപ വർദ്ധിച്ച് 1900 രൂപയാകും.കുട്ടനാട്ടിലുൾപ്പെടെ കൂലിചെലവ് സ‌ർക്കാർ കഴിഞ്ഞ വർഷം പരിഷ്കരിച്ചെങ്കിലും പമ്പിംഗ് നേർമ കൂട്ടാൻ സർക്കാർ തയ്യാറായിട്ടില്ല.

5.നിലം ഉഴുന്നതിനും വെള്ളം കയറ്റുന്നതിനും വിത്തിനും വിതയ്ക്കുമെല്ലാം കൂടി ഏക്കറിന് 35,000 മുതൽ 40,000 രൂപവരെയാണ് ചെലവ്. പാട്ടകൃഷിക്കാർക്ക് ഏക്കറിന് 15,000മുതൽ 30,000വരെയാണ് പാട്ടത്തുക.

6. ഇത്തരത്തിലുള്ള ചെലവുകൾക്കെല്ലാം പണം കണ്ടെത്താൻ പുഞ്ചക്കൃഷിയുടെ പണം ലഭിക്കേണ്ടതുണ്ട്. സപ്ളൈകോ പണം നൽകാതെ പി.ആർ.എസ് വായ്പ അനുവദിക്കാൻ കാനറ ബാങ്കും എസ്.ബി.ഐയും തയ്യാറുമല്ല

നെല്ല് സംഭരണം

(മേയ് 1വരെ )

പ്രതീക്ഷിക്കുന്ന വിളവ്..............128357.945 മെട്രിക് ടൺ

സംഭരിച്ചത്..............................................94618.357 മെട്രിക് ടൺ

കൊയ്ത്ത് കഴിഞ്ഞത് ........................91.08 ശതമാനം

രണ്ടാം കൃഷിക്ക് പമ്പിംഗ് ലേലം ആരംഭിച്ചിട്ടും നെല്ലിന്റെ വില വിതരണം ചെയ്യാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. നിലം ഒരുക്കാനും വെള്ളം കയറ്റാനും വിതയ്ക്കും കർഷകർക്ക് പണമില്ലാത്ത സാഹചര്യം ഒഴിവാക്കാൻ എത്രയും വേഗം നെല്ലിന്റെ വില വിതരണം പൂർത്തിയാക്കണം

-സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി