'ഇന്ത്യ' മുന്നണിയെ ഉന്നംവച്ച് മോദി , എയർലൈൻസെന്ന് പരിഭാഷകൻ!
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ സമർപ്പണ ചടങ്ങിൽ 'ഇന്ത്യ' മുന്നണി നേതൃത്വത്തെ ഉന്നംവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ തെറ്റായി പരിഭാഷപ്പെടുത്തി.
''എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയിൽ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും''– ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
''നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നൽകും.'' ഇതായിരുന്നു പരിഭാഷ. പ്രധാനമന്ത്രി എന്താണ് പറഞ്ഞതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചു കൊടുത്തു. പരിഭാഷകൻ തെറ്റിച്ചുവെന്ന് മോദിക്കും മനസിലായി.
അദ്ദേഹത്തിന് കാര്യം മനസിലായില്ലെന്ന് ചിരിച്ചുകൊണ്ട് മോദി പറഞ്ഞു. നിങ്ങൾ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ചു. അദ്ധ്യാപകനായ പള്ളിപ്പുറം ജയകുമാറായിരുന്നു പരിഭാഷകൻ. പരിഭാഷ പിന്നീട് താളം തെറ്റുകയും ചെയ്തു. ചെറിയ പിഴവുകൾ ഉണ്ടായി. വാക്യങ്ങളുടെ ക്രമം തെറ്റി. കൂടുതൽ ഇംഗ്ളീഷ് വാക്കുകൾ മലയാളം പരിഭാഷയിൽ കടന്നു വരുകയും ചെയ്തു.
പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാനസർക്കാരാണെന്നാണ് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തിയത്. സ്ക്രിപ്ടിൽ നിന്നു വ്യതിചലിച്ച് പ്രധാനമന്ത്രി പറഞ്ഞത് വ്യക്തമായി കേട്ടില്ലെന്ന് പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ പറഞ്ഞു. താൻ ബി.ജെ.പി അനുഭാവിയാണെന്നും മോദിജിയുയുടെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് കഴിഞ്ഞതോടെ പരിഭാഷയെ കുറിച്ച് ട്രോൾമഴയാണ്.