വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞെന്ന് കോൺഗ്രസ്
കോഴിക്കോട്: വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻചാണ്ടിയുടെ കുഞ്ഞാണെന്ന് കോൺഗ്രസ് നേതാക്കൾ. വിഴിഞ്ഞം പദ്ധതിയെ ഭ്രൂണാവസ്ഥയിൽ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സി.പി.എമ്മെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. അർഹിക്കുന്ന രീതിയിൽ ക്ഷണിക്കാതെ പ്രതിപക്ഷ നേതാവിനെ അപമാനിച്ചു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണ് സി.പി.എമ്മെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിക്ക് തുടക്കമിട്ടത് കെ. കരുണാകരനാണ്. വെല്ലുവിളികൾ മറികടന്ന് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും. അതിനെ എൽ.ഡി.എഫിന്റെ കുഞ്ഞാക്കി മാറ്റുന്നത് ശരിയല്ല. വിഴിഞ്ഞത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കാണ്. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് വില കുറഞ്ഞ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്: കെ. മുരളീധരൻ
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിൽ പ്രസംഗിക്കാൻ മോദിക്കും പിണറായിക്കും വാസവനും മാത്രമാണ് അവസരം നൽകിയതെന്ന് കെ. മുരളീധരൻ. പ്രധാനമന്ത്രിക്ക് താനില്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷമായേനെ എന്നു പ്രസംഗിക്കാം. പിണറായിക്കാണെങ്കിൽ താനില്ലെങ്കിൽ പരശുരാമൻ വീണ്ടും മഴുവെറിയേണ്ടി വന്നേനെ എന്നും. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. എന്നാൽ രണ്ടുപേർക്കും ഇതിന്റെ ക്രെഡിറ്റ് കിട്ടാൻ പോകുന്നില്ല. നിലമ്പൂർ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനാണ് രണ്ട് കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.