76 കാരിയെ വെട്ടിക്കൊന്നു, ഭർത്താവ് അറസ്റ്റിൽ

Saturday 03 May 2025 1:27 AM IST

കൊല്ലം: പണത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ, 76 വയസുള്ള ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തിന് വെട്ടി കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വപ്നാലയത്തിൽ ഓമനയാണ് മരിച്ചത്. ഭർത്താവ് കുട്ടപ്പനെ (78) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. കുട്ടപ്പനും ഓമനയും കുടുംബ വീട്ടിൽ ഇളയ മകൾ സ്വപ്നയ്ക്കൊപ്പമാണ് താമസം. രാത്രി ഉറങ്ങാനായി ഇരുവരും കിടപ്പുമുറിയിൽ കയറി. രാവിലെ വാതിൽ തുറക്കാൻ വൈകിയപ്പോൾ സ്വപ്ന മുട്ടിവിളിച്ചു. ചാരിയിരുന്ന വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അരുംകൊലയുടെ വിവരമറിഞ്ഞത്. ചോരയിൽ കുളിച്ച നിലയിൽ ഓമനയുടെ മൃതദേഹം തറയിൽ കിടക്കുകയായിരുന്നു. കുട്ടപ്പൻ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഫാനിൽ കയർ കെട്ടി തൂങ്ങി മരിക്കാൻ കുട്ടപ്പൻ ശ്രമം നടത്തിയിരുന്നു.

കൊട്ടാരക്കര പൊലീസും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുട്ടപ്പനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മറ്റു മക്കൾ: ദിനേശൻ, ദീപ, ഹരിദാസൻ. മരുമക്കൾ: ശ്യാമള, ഹരി, ആത്മ, മധു.

കശുഅണ്ടി തൊഴിലാളിയായ ഓമന കുടുംബശ്രീയിൽ അംഗമായിരുന്നു. കുടുംബശ്രീയിൽ നിന്നു ലഭിച്ച 18,000 രൂപ ഓമന മറ്റൊരാൾക്ക് കടം കൊടുത്തു. ആർക്കാണ് കൊടുത്തതെന്നതു സംബന്ധിച്ച് സംഭവദിവസം പല സമയത്തും ഇരുവരും തമ്മിൽ തർക്കമുണ്ടായി. രാത്രി കിടപ്പുമുറിയിൽ വച്ചും വഴക്കിട്ടു. തുടർന്നാണ് അർദ്ധരാത്രിയോടെ വെട്ടുകത്തികൊണ്ട് ഓമനയുടെ കഴുത്തിന് വെട്ടിയെന്ന് കുട്ടപ്പൻ പൊലീസിനോട് പറഞ്ഞു. മൂന്ന് തവണ കഴുത്തിന് വെട്ടി. വെട്ടുകത്തി പൊലീസ് കണ്ടെടുത്തു.