ഗൃഹനാഥനെ മർദ്ദിച്ച സംഭവം: പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം

Saturday 03 May 2025 1:38 AM IST

കല്ലമ്പലം: ഗൃഹനാഥനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു.കരവാരം തോട്ടയ്ക്കാട് അയ്യപ്പൻകോണം ആർ.വി ഭവനിൽ വിജയനാശാരി(68)യെ വടക്കോട്ടുകാവ് ക്ഷേത്രത്തിനു സമീപം വച്ച് കഴിഞ്ഞ 13ന് അകാരണമായി മർദ്ദിച്ച സംഭവത്തിലാണ് രണ്ടാഴ്ച പിന്നിട്ടിട്ടും നഗരൂർ പൊലീസ് പ്രതിയെ പിടികൂടാത്തത്. വിജയനാശാരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെയും വിജയൻ ആശാരിയുടെയും മക്കൾ തമ്മിൽ മുൻപ് വാക്കുതർക്കവും കത്തിക്കുത്തും ഉണ്ടായിട്ടുണ്ട്. ഇതാകാം ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കൾ പറഞ്ഞു. അന്നത്തെ കേസിലും ഇരുകൂട്ടരും പരാതി നൽകിയെങ്കിലും വിജയനാശാരിയുടെ മക്കളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ കൊണ്ടുപോകാൻ വൈകിപ്പിക്കുകയും മാനസികമായി ഇവരെ പീഡിപ്പിച്ചുവെന്നും വാർത്താസമ്മേളനത്തിൽ വിജയനാശാരിയുടെ ഭാര്യ രാധാമണി,മക്കളായ വിജിത്ത്,വിഷ്ണു എന്നിവർ പറഞ്ഞു. ഇവരെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഫ്ലക്സ് ബോർഡ് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല. രണ്ട് ദിവസം കഴിഞ്ഞ് ഫ്ലക്സ് ബോർഡ് ആരോ നീക്കം ചെയ്തെങ്കിലും ഇതിനകം സോഷ്യൽ മീഡിയയിലൂടെ അത് പ്രചരിച്ചിരുന്നു. പൊലീസിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നും ശത്രുക്കളെ ഭയന്നാണ് കഴിയുന്നതെന്നും ഇവർ പറഞ്ഞു.