വക്കം ഷാഹിന വധക്കേസ്: പ്രതിക്ക് 23 വർഷം കഠിന തടവും ജീവപര്യന്തവും
Saturday 03 May 2025 1:45 AM IST
വക്കം: വക്കം യൂനുസ് മുക്ക് ഷാഹിനയെ കൊലപ്പെടുത്തുകയും ഷാഹിനയുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 23 വർഷം കഠിന തടവിനും ജീവപര്യന്തവും ശിക്ഷ വിധിച്ചു. വർക്കല വെട്ടൂർ റാത്തിക്കൽ ദാറുൽ സലാം വീട്ടിൽ നസിമുദ്ദീനെയാണ് (44) കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി പ്രതിക്ക് 8.6 ലക്ഷം രൂപ കോടതി പിഴ ചുമത്തി. 23 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ആണ് ശിക്ഷ വിധിച്ചത്.
2016 ഒക്ടോബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ നസിമുദ്ദീൻ. നസിമുദ്ദീനും ഭാര്യയും തമ്മിൽ പിണക്കത്തിലായിരുന്നു. ഈ വിരോധത്തിൽ ഭാര്യയുടെ സഹോദരിയെ ആക്രമിക്കാനാണ് പ്രതിയെത്തിയത്.