മലയാളി യുവാവിന്റെ കൊലപാതകം: അറസ്റ്റിലായവരുടെ എണ്ണം 21 ആയി

Saturday 03 May 2025 12:16 AM IST

മംഗളൂരു: കുഡുപ്പുവിൽ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിനുശേഷം ഒളിവിൽപോയ കെ.അനിൽ എന്നയാളെയാണ് ഗോകക്കിൽ നിന്ന് പിടികൂടിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കമ്മിഷണർ അനുപം അഗർവാൾ പറഞ്ഞു.

സംഭവസ്ഥലത്തുണ്ടായിരുന്ന 15 ഓളം പേർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. പലരുടെയും ചോദ്യം ചെയ്യലുകൾ പുരോഗമിക്കുകയാണ്. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് അഗർവാൾ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടയാൾ 'പാകിസ്‌താൻ സിന്ദാബാദ്' മുദ്രാവാക്യങ്ങൾ വിളിച്ചു എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു.