അട്ടാര - വാഗ അതിർത്തി വീണ്ടു തുറന്ന് പാകിസ്ഥാൻ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യ നാടുകടത്തിയ പാകിസ്ഥാൻ പൗരന്മാർക്കായി അട്ടാരി-വാഗ അതിർത്തി തുറന്ന് കൊടുത്ത് പാകിസ്ഥാൻ. ഇന്ത്യയിൽ നിന്നെത്തിയ പാക് പൗരൻമാർക്ക് അതിർത്തി കടക്കാൻ കഴിയാതെ വന്നതോടെ ഇവിടെ സംഘർഷമുണ്ടായതിന് പിന്നാലെയാണിത്. ഏപ്രിൽ 30ന് വ്യാഴാഴ്ച അതിർത്തി അടച്ച ശേഷം എത്തിയ എഴുപതോളം പാക് പൗരന്മാണ് കുടുങ്ങിയത്. അതിർത്തി വിടാൻ ഇന്ത്യ സൗകര്യമൊരുക്കിയിട്ടും സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയായിരുന്നു. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബങ്ങൾ അതിർത്തിയിൽ കുടുങ്ങി. പാകിസ്ഥാനിൽ നിന്ന് ഔദ്യോഗിക വിശദീകരണവും ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സംഘർഷമുണ്ടായത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഹ്രസ്വകാല വിസയിലുള്ള പാകിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് അട്ടാരി-വാഗ അതിർത്തിയിൽ അടച്ചുപൂട്ടലിന് മുമ്പുള്ള ആഴ്ചയിൽ വൻ തിരക്കും അനുഭവപ്പെട്ടു. ഇന്നലെ ഗേറ്റുകൾ വീണ്ടും തുറന്നത് അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി. അതിർത്തി കടന്നുള്ള യാത്രകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും നയതന്ത്ര സംഘർഷങ്ങൾക്ക് അറുതിയില്ല. കഴിഞ്ഞ ദിവസത്തെ അടച്ചുപൂട്ടലിനെക്കുറിച്ചോ അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ പാകിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.