ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നീക്കി ട്രംപ്
Saturday 03 May 2025 6:56 AM IST
വാഷിംഗ്ടൺ: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിനെ സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാൾട്ട്സിനെ യു.എന്നിലെ അടുത്ത യു.എസ് അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. അതേസമയം,സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടക്കാല ചുമതല കൈമാറി.
മാർച്ചിൽ,ഉന്നത ഉദ്യോഗസ്ഥരുടെ സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ വാൾട്ട്സിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. യെമനിലെ ഹൂതി വിമതർക്കെതിരെയുള്ള യു.എസ് സൈനിക നടപടികൾ ചർച്ച ചെയ്യാനുള്ള ഗ്രൂപ്പിൽ ദ അറ്റ്ലാന്റിക് മാഗസിൻ എഡിറ്റർ-ഇൻ-ചീഫ് ജെഫ്രി ഗോൾഡ്‌ബെർഗിനെ വാൾട്ട്സ് അബദ്ധത്തിൽ ചേർത്തതാണ് വിവാദങ്ങൾക്ക് കാരണം.