പാകിസ്ഥാന്റെ ഭീകരബന്ധം സമ്മതിച്ച് ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന് പിന്നാലെ,പാകിസ്ഥാന് ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് തുറന്നുസമ്മതിച്ച് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഭീകരർക്ക് സഹായം നൽകിയിരുന്ന പാകിസ്ഥാന്റെ ചരിത്രം ഒരു രഹസ്യമല്ലെന്നാണ് താൻ കരുതുന്നതെന്ന് ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിലാവൽ പറഞ്ഞു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാനും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമാണ് ബിലാവൽ.
തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലും ധനസഹായം നൽകുന്നതിലും പാകിസ്ഥാന് പങ്കുണ്ടായിരുന്നു എന്ന് ഖ്വാജ ആസിഫിന് അഭിമുഖത്തനിടെ തുറന്നുസമ്മതിക്കേണ്ടി വന്നിരുന്നു. ആസിഫിന്റെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് ബിലാവലിന്റെ പ്രതികരണം.
അതേസമയം,ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ പാകിസ്ഥാൻ യുദ്ധത്തിന് തയ്യാറാണെന്ന് വ്യാഴാഴ്ച ഒരു റാലിക്കിടെ ബിലാവൽ ഭീഷണി മുഴക്കിയിരുന്നു.
അതിനിടെ,ലഫ്. ജനറൽ മുഹമ്മദ് അസീം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് പാകിസ്ഥാൻ. ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐ.എസ്.ഐ) നിലവിലെ ഡയറക്ടർ ജനറൽ ആണ് ഇയാൾ.
തിരിച്ചടി ഭീതി
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ സൈനിക നടപടി ഏതുനിമിഷവും ഉണ്ടാകാമെന്ന ഭീതിയിൽ പാകിസ്ഥാൻ. അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി. പാക് അധീന കാശ്മീരിൽ അതിർത്തി പ്രദേശങ്ങളിൽ രണ്ട് മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും സംഭരിച്ച് വയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഇതിനായി പ്രാദേശിക ഭരണകൂടം 100 കോടി പാകിസ്ഥാനി രൂപയുടെ അടിയന്തര ഫണ്ട് രൂപീകരിച്ചെന്നും റിപ്പോർട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ റോഡ് അറ്റക്കുറ്റപ്പണികൾക്കുള്ള യന്ത്രങ്ങളും വിന്യസിച്ചു.
പാക് അധീന കാശ്മീരിലെ മദ്റസകൾ 10 ദിവസത്തേക്ക് അടച്ചു. രാജ്യത്തെ എഫ്.എം സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ഷെഹ്ബാസിന്റെ യൂട്യൂബ്
അക്കൗണ്ട് നിരോധിച്ചു
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ യൂട്യൂബ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. തിരിച്ചടി നടപടികൾ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം. ഫവാദ് ഖാൻ, ആതിഫ് അസ്‌ലം, ഹാനിയ ആമിർ, മഹിറ ഖാൻ, അലി സഫർ തുടങ്ങിയ സെലിബ്രിറ്റികളുടെയും പാക് ക്രിക്കറ്റ് താരങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഡോൺ, സമാ, ജിയോ തുടങ്ങിയ പാക് മാദ്ധ്യമ സ്ഥാപനങ്ങളുടെ യൂട്യൂബ് അക്കൗണ്ടുകൾക്കും ഇന്ത്യയിൽ നിരോധനമുണ്ട്. അതേസമയം, ചൈനീസ് അംബാസഡർ ജിയാംഗ് സെയ്ഡോംഗ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഇന്നലെ ഇസ്ലാമാബാദിൽ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്റെ പരമാധികാരവും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി ജിയാംഗ് അറിയിച്ചു.