പഹൽഗാം ആക്രമണം --- ഇന്ത്യയ്‌ക്ക് പ്രതിരോധിക്കാൻ അവകാശമുണ്ട്: യു.എസ്

Saturday 03 May 2025 7:00 AM IST

വാഷിംഗ്ടൺ: പാക് ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഹെഗ്‌സേത്ത് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഹെഗ്‌സേത്ത് ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് യു.എസിന്റെ ശക്തമായ പിന്തുണ ആവർത്തിച്ചു.

ഹെഗ്‌സേത്തിന് നന്ദി അറിയിച്ച രാജ്‌നാഥ് സിംഗ്,മേഖലയിൽ ഭീകരത വളർത്തുന്നതിൽ പാകിസ്ഥാനുള്ള പങ്കിനെ പറ്റി വിശദീകരിച്ചു. ഭീകര സംഘടനകൾക്ക് പിന്തുണയും പരിശീലനവും ധനസഹായവും നൽകിയതിന്റെ വ്യക്തമായ ചരിത്രമുള്ള പാകിസ്ഥാനെ 'തെമ്മാടി രാഷ്ട്രം" എന്നാണ് സിംഗ് വിശേഷിപ്പിച്ചത്. പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ മേഖലയെ നിരന്തരം അസ്ഥിരപ്പെടുത്തുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘ‍ർഷം ഒഴിവാക്കണം: വാൻസ്

ഇന്ത്യയും പാകിസ്ഥാനും വ്യാപകമായ സംഘർഷം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. പാകിസ്ഥാനുള്ള ഇന്ത്യയുടെ തിരിച്ചടി വിശാലമായ പ്രാദേശിക സംഘർഷം ഒഴിവാക്കുന്ന തരത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ പിടികൂടാൻ ഇന്ത്യയുമായി സഹകരിക്കണമെന്ന് വാൻസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.