"മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്; അത് തുടർന്നാൽ വലിയ പ്രശ്നമാകും"

Saturday 03 May 2025 9:47 AM IST

മലയാള സിനിമയിലെ പ്രമുഖ നടൻ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആ തെറ്റ് ഇനിയും തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ലിസ്റ്റിൻ വ്യക്തമാക്കി. എന്നാൽ ആരാണ് ആ പ്രമുഖ നടനെന്ന്‌ ലിസ്റ്റിൻ വെളിപ്പെടുത്തിയിട്ടില്ല.

ദിലീപ്‌ നായകനാകുന്ന പുതിയ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ലോഞ്ചിനിടെയാണ് ലിസ്റ്റിൻ ഇക്കാര്യം പറഞ്ഞത്. താൻ മലയാള സിനിമയിൽ വന്നിട്ട് പതിനഞ്ച് വർഷത്തോളമായെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

ലിസ്റ്റിന്റെ വാക്കുകൾ

മലയാള സിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. പക്ഷേ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. പക്ഷേ അത് വേണ്ടായിരുന്നു. ഞാൻ പറയുന്നത് നടൻ കാണും. ആ നടൻ ചെയ്തത് തെറ്റാണെന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് ആവത്തിക്കരുത്. കാരണം അത് തുടർന്നാൽ വലിയ പ്രശ്നമാകും.

ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി'. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ്, ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും ദിലീപ് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്‌ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരാണ് മറ്റു താരങ്ങൾ. രചന ഷാരിസ് മുഹമ്മദ്, സംഗീതം സനൽ ദേവ്. ഛായാഗ്രഹണം രണദിവെ. ഗാനങ്ങൾ മനു മഞ്ജിത്ത്, വിനായക് ശശികുമാർ. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. കോസ്റ്റ്യൂം സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കർ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്.