പേരിൽ മാത്രം വാട്ടർപാർക്ക്

Sunday 04 May 2025 12:56 AM IST

കോട്ടയം : ലക്ഷങ്ങൾ ചെലവഴിച്ചത് മിച്ചം. കോടിമത വാട്ടർപാർക്ക് ആകെ നശിച്ച് കോലം കെട്ടു. നഗരത്തിരക്കിൽ നിന്ന് മാറി കൊടൂരാറിന്റെ സൗന്ദര്യം ഉൾപ്പെടെ ആസ്വദിക്കാനെത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. പ്രളയത്തിനു ശേഷം ബോട്ട് ജെട്ടിയുടെ തീരവും വാട്ടർ പാർക്കിലെ മറ്റ് ഭാഗങ്ങളും തകർന്നു തരിപ്പണമായി. യാത്രക്കാർക്കും സഞ്ചാരികൾക്കുമായി ഇരിപ്പിടങ്ങളും മറ്റും ഇവിടെയൊരുക്കിയിരുന്നു. ഇവയെല്ലാം നശിക്കുകയാണ്. ലോക്ക് കട്ടകൾ പലതും ഇളകി. മരങ്ങൾക്ക് ചുറ്റും സ്ഥാപിച്ച ഇരിപ്പിടങ്ങളിലേക്ക് വേരുകൾ ഇറങ്ങിയതിനാൽ പൊട്ടിത്തകർന്ന നിലയിലാണ്. പാർക്കിനുള്ളിൽ അലങ്കാരവിളക്ക് കാലുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും തകർന്നു. സായാഹ്നങ്ങളും അവധി ദിവസങ്ങളും ചെലവഴിക്കുന്നതിനായി നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്. കോടിമത - ആലപ്പുഴ സർവീസ് ബോട്ട് യാത്രയ്ക്കായി എത്തുന്നവരാണ് ഏറെയും. ബോട്ട് ജെട്ടിയും തീരവും അടുത്തകാലത്താണ് നവീകരിച്ച് ഉദ്ഘാടനം ചെയ്തത്.

ചെലവഴിച്ചത് 91 ലക്ഷം

കൊടൂരാറിന്റെ വശങ്ങൾ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 91 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ഇതിന്റെ ഭാഗമായാണ് കൊടൂരാറിന്റെ തീരവും കാൽനടയാത്രക്കാർക്കായി നടപ്പാതയും നിർമ്മിച്ചത്.

ഇന്റർലോക്ക് കട്ടകൾ പലതും ഇളകിയ നിലയിൽ ഇരിപ്പിടങ്ങളിലേക്ക് മരങ്ങളുടെ വേരുകൾ ഇറങ്ങി അലങ്കാര വിളക്ക് കാലുകൾ തകർന്ന നിലയിൽ