പുഞ്ചക്കൊയ്‌ത്ത് അവസാനഘട്ടത്തിൽ.... കർഷകർക്ക് പറയാനുള്ളത് നഷ്ടക്കൊയ്‌ത്തിന്റെ കഥ

Sunday 04 May 2025 1:29 AM IST

കോട്ടയം : കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞു, സ്വകാര്യമില്ലുകളുടെ പിഴിച്ചിൽ, സംഭരിച്ച നെല്ലിന്റെ പണത്തിനായുള്ള കാത്തിരിപ്പ്...പുഞ്ചക്കൊയ്‌ത്ത് അവസാനഘട്ടത്തിലെത്തിയപ്പോൾ കർഷകർക്ക് പറയാൻ നഷ്ടക്കൊയ്‌ത്തിന്റെ കഥയാണ്. കഴിഞ്ഞവർഷം അപ്പർകുട്ടനാട്ടിലും, കുട്ടനാട്ടിലും ഏക്കറിന് 20000 - 30000 ക്വിന്റൽ വരെ വിളവ് ലഭിച്ച സ്ഥാനത്ത് ഇത്തവണ 15000 - 20000 ക്വിന്റലായി കുറഞ്ഞു. സ്വകാര്യമില്ലുകളുടെ കിഴിവ് 10 -30 ശതമാനം വരെയായി. സംഭരണം ഇനിയും പൂർത്തിയായിട്ടില്ല. മാർച്ച് 15 ന് ശേഷം പണം ബാങ്കിൽ എത്തിയില്ല. അവസാനം സംഭരിച്ച പാടശേഖരങ്ങളിലെ പലർക്കും പി.ആർ.എസ് പോലും ലഭിച്ചിട്ടില്ല.സർക്കാർ ഗ്യാരന്റിയിൽ പി.ആർ.എസ് വായ്പ നൽകുന്നതിനുള്ള പലിശ നിരക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് കാനറാ ബാങ്ക് രംഗത്തെത്തിയതോടെ പ്രതിസന്ധിരൂക്ഷമായി. 9 ശതമാനം പലിശ 9. 5 ആയി ഉയർത്തണമെന്ന ബാങ്കിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. എസ്.ബി.ഐ വാങ്ങുന്നുണ്ടെങ്കിലും പണം നൽകുന്നില്ല.

വേനൽ മഴയിൽ താളംതെറ്റി പ്രതീക്ഷ

ഫെബ്രുവരി അവസാനമാണ് പുഞ്ച കൊയ്‌ത്ത് ആരംഭിച്ചത്. കോട്ടയം ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിൽ ഏതാണ്ട് പൂർത്തിയായി. വൈകി കൃഷി ആരംഭിച്ച കുട്ടനാട്ടിലെ പല പാടങ്ങളിലും ഈ മാസം അവസാനം പൂർത്തിയാകും. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഓരുവെള്ളമെത്തി നെൽക്കൃഷി നശിക്കുന്ന സ്ഥിതി പ്രതിസന്ധി രൂക്ഷമാക്കി. വേനൽമഴ ശക്തിയാർജ്ജിച്ചതോടെ കൊയ്‌ത്തും, സംഭരണവും താളം തെറ്റിച്ചു. മഴയിൽ കുതിർന്ന് കച്ചി നശിക്കുന്ന സ്ഥിതി വരുമാന നഷ്ടത്തിനുമിടയാക്കി.

ഇനി എത്ര നാൾ ഇങ്ങനെ

സംസ്ഥാന വ്യാപകമായി 3000 കോടിയുടെ നെല്ല് സംഭരിച്ചു

1000 കോടി രൂപ കൊടുക്കാനുണ്ടെന്നാണ് സർക്കാർ കണക്ക്

ഇതിലും കൂടുതൽ ലഭിക്കാനുണ്ടെന്ന് കർഷകർ പറയുന്നു

അടുത്ത കൃഷിയ്ക്ക് നിലമൊരുക്കാൻ താത്പര്യമില്ലാതെ കർഷകർ

''മുൻപൊരിക്കലുമുണ്ടാകാത്ത തരത്തിൽ പുഞ്ചക്കൃഷി നടത്തിയ കർഷകരുടെ കൈപൊള്ളി. പലരും കടക്കെണിയിലാണ്. നെൽകർഷകരുടെ പ്രശ്നം പരിഹരിക്കാൻ ആരും താത്പര്യം കാട്ടുന്നില്ല.

-മദൻലാൽ (നെൽ കർഷകൻ)