വേനൽ മഴയിൽ കുതിർന്ന് ജില്ല

Sunday 04 May 2025 12:53 AM IST

കോട്ടയം : പകൽ ചുട്ടുപൊള്ളുന്ന ചൂട്, വൈകിട്ട് ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ മഴ. സംസ്ഥാനത്ത് പത്തനംതിട്ട കഴിഞ്ഞാൽ, വേനൽ മഴ ഏറ്റവും കൂടുതൽ പെയ്തത് കോട്ടയത്താണ്. മാർച്ച് ഒന്ന് മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം 351.3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ 75 ശതമാനം അധികം മഴ പെയ്തു. ഇതോടെ വറ്റിയ തോടുകളും, കിണറുകളും ഇത്തവണ നേരത്തെ ജലസമൃദ്ധമായി. മലയോര പ്രദേശങ്ങളിൽ മഴ പെയ്യാത്ത ദിവസങ്ങൾ കുറവാണ്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 201. 3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ പ്രതീക്ഷിച്ചിരുന്നത്. മഴ ശക്തമായയതോടെ ചൂടിനും നേരിയ കുറവുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലിൽ പകൽ താപനില 40 ഡിഗ്രിയ്ക്കടുത്ത് എത്തിയിരുന്നു. ഇത്തവണ രേഖപ്പെടുത്തിയ ഉയർന്ന 34.5 ഡിഗ്രിയാണ്.