വിനോദ വ്യവസായവും ടൂറിസത്തിന്റെ കുതിപ്പും
വിനോദത്തിനും കാഴ്‌ചകൾ കാണാനും മാത്രമല്ല സ്വന്തം നാട് വിട്ട് ജനങ്ങൾ വിനോദസഞ്ചാരം നടത്തുന്നത്. വാണിജ്യാവശ്യത്തിനും മെഡിക്കൽ ആവശ്യത്തിനും സുഖചികിത്സയ്ക്കും മറ്റുമായി നടത്തുന്ന ദൂരയാത്രകളും ഇപ്പോൾ വിനോദസഞ്ചാരത്തിന്റെ പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. ടൂറിസം രംഗത്തിന്റെ വരുമാനം അന്താരാഷ്ട്ര ടൂറിസത്തിൽ നിന്നും ആഭ്യന്തര ടൂറിസത്തിൽ നിന്നുമാണ് പ്രധാനമായും ലഭിക്കുന്നത്. ടൂറിസം മേഖലകളിൽ കഴിയുന്ന തദ്ദേശീയർക്ക് വിവിധ മേഖലകളിൽ ജോലിചെയ്‌ത് ജീവനോപാധി കണ്ടെത്താനും ടൂറിസം ഇടയാക്കുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും പുരാതനമായ നിർമ്മിതികൾ അവർ അതേപോലെ നിലനിറുത്തി സംരക്ഷിക്കുന്നതും മനോഹരവും ആകർഷകവുമായി പരിപാലിക്കുന്നതും മുഖ്യമായും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ്. ടൂറിസത്തിലൂടെ വൻ വരുമാനം നേടുന്ന രാജ്യങ്ങളെല്ലാം തന്നെ വിനോദസഞ്ചാരികൾക്ക് ഉയർന്ന തലത്തിലുള്ള ജീവിതസൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കാറുണ്ട്. വികസിത രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ലോകത്തിൽ മുന്നിൽ നിൽക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം മുൻ നിരയിലല്ല. വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം മുപ്പതിൽ താഴെയാണ്. ഇന്ത്യയുടെ ജി.ഡി.പിയിൽ ഏതാണ്ട് 20 ലക്ഷം കോടി രൂപ വരെ ടൂറിസം രംഗത്തിന്റെ സംഭാവനയാണ്. വരും വർഷങ്ങളിൽ ഇന്ത്യ ഈ രംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിച്ചാൽ ഈ വരുമാനം ഇരട്ടിയായി വർദ്ധിക്കാതിരിക്കില്ല. ഈ പശ്ചാത്തലത്തിലാണ് വേവ്‌സ് ഉച്ചകോടിയിൽ വിനോദ വ്യവസായ രംഗത്ത് ഇന്ത്യയെ ലോകശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരിക്കുന്നത്. നൂറുകോടി ജനങ്ങളുള്ള ഇന്ത്യ നൂറുകോടി കഥകളുടെ നാടു കൂടിയാണ്. രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങൾക്ക് തനത് പാരമ്പര്യവും കഥപറച്ചിൽ ശൈലിയുമുണ്ട്. 'ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക" എന്നതാണ് വിനോദസഞ്ചാര മേഖലയിലെ ഇന്ത്യൻ കാഴ്ചപ്പാടെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ ചില കൊട്ടാരങ്ങളും കോട്ടകളും മറ്റ് ചരിത്ര സ്‌മാരകങ്ങളും കാണിക്കുന്നത് മാത്രമായിരുന്നു എത്രയോ കാലമായി നമ്മുടെ ടൂറിസം രംഗത്തിന്റെ കാഴ്ചപ്പാട്. ഇതിൽ നിന്ന് മാറി ടൂറിസം രംഗം രാജ്യത്തെമ്പാടും ഒരു വഴിത്തിരിവിലാണ്. പകർച്ചവ്യാധികളും ഭീകരപ്രവർത്തനവുമാണ് ടൂറിസം രംഗത്തെ തകർക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ. കൊവിഡ് പ്രതിസന്ധി ലോകത്തെമ്പാടും ടൂറിസത്തിന്റെ നടുവൊടിച്ചിരിക്കുന്നു. പഹൽഗാമിലെ ഭീകരാക്രമണം കാശ്‌മീരിലെ ടൂറിസത്തിന് ഏൽപ്പിച്ച മുറിവ് ചെറുതല്ല. അതിനാൽ ടൂറിസം രംഗം വളരണമെങ്കിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കില്ലെന്നും ആക്രമണം നടത്തിയവർക്ക് തക്ക തിരിച്ചടി നൽകി എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനും ഇന്ത്യയ്‌ക്ക് കഴിയണം.
ടൂറിസം രംഗത്ത് കൊവിഡ് പ്രതിസന്ധിയുടെ തകർച്ചയ്ക്ക് ശേഷം കേരളം ഇപ്പോൾ വലിയ കുതിപ്പാണ് നേടിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായി സഞ്ചരിച്ച് അതിമനോഹരമായ ഭൂപ്രകൃതി താരതമ്യേന കുറഞ്ഞ ചെലവിൽ ആസ്വദിക്കാമെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആഭ്യന്തര സഞ്ചാരികളെയും അന്താരാഷ്ട്ര സഞ്ചാരികളെയും ഒരേപോലെ ആകർഷിക്കുന്നതിൽ കേരളത്തിലെ ടൂറിസം വകുപ്പ് വലിയ നേട്ടങ്ങളാണ് നാൾക്കുനാൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്. വിനോദസഞ്ചാര വ്യവസായത്തിൽ ഇന്ത്യ ലോകശക്തിയായി മാറുമ്പോൾ കേരളത്തിലെ ടൂറിസം രംഗത്തിനെ പുതിയ മാനങ്ങളിൽ എത്തിക്കാൻ വേണ്ട ചുവടുവയ്‌പ്പുകൾ തുടങ്ങേണ്ടതും ആവശ്യമാണ്.