ഹൃദയപൂർവം ലൊക്കേഷനിൽ തുടരും വിജയാഘോഷം

Sunday 04 May 2025 4:54 AM IST

മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർ‌വം സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി വിജയാഘോഷം നടന്നത്. തുടരും റിലീസ് ചെയ്യുമ്പോൾ മോഹൻലാൽ പൂനെയിൽ ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലായിരുന്നു. തന്റെ വിവാഹ വാർഷികം ചെന്നൈയിലും, മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മോഹൻലാൽ കൊച്ചിയിൽ എത്തിയത്. ചിത്രം ഇത്രയും ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ ഒരു സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഈ വിവരം അവർ മോഹൻലാലിനെ അറിയിക്കുകയും ചെയ്തു.സിനിമയുടെ വിജയത്തിനു ശേഷം മോഹൻലാൽ കേരളത്തിൽ എത്തുന്ന ദിവസം തന്നെ ചടങ്ങ് അതായിരുന്നു സംഘാടകരുടെ ആഗ്രഹം. മോഹൻലാൽ, തരുൺ മൂർത്തി , എം.രഞ്ജിത്ത്,ചിപ്പി രഞ്ജിത്ത് തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ആന്റണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവർ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു. ചിത്രീകരണസമയത്ത് മോഹൻലാൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളേയും കുറിച്ച് നിർമ്മാതാവ് എം. രഞ്ജിത്ത് വിശദീകരിച്ചത് ഏറെ കൗതുകമായി. ഒരു മാസത്തിൽ രണ്ടു വൻവിജയങ്ങളാണ് മോഹൻലാലിനു ലഭിച്ചിരിക്കുന്നത്. എമ്പുരാനും തുടരുവും. തുടരും വിജയാഘോഷം വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണ് രഞ്ജിത്ത്.