മാമ്പൂവിൽ പ്രതീക്ഷയുമായി മാംഗോസിറ്റി

Sunday 04 May 2025 4:02 AM IST

നെല്ലിയാമ്പതി മലനിരകൾക്ക് താഴെ മുതലമട എന്നൊരു നാടുണ്ട്. മാവ് പൂത്താൽ സകലതും മറന്ന് കൃഷിയിടത്തിൽ പരിചരണം ഉറപ്പാക്കുന്ന കർഷകരുള്ള മണ്ണ്. മലനിരകൾക്ക് ചോട്ടിലായി പച്ചപ്പുതപ്പണിഞ്ഞ നിറയെ പാടങ്ങളുണ്ട്. വിഷു കഴിഞ്ഞതോടെ അടുത്ത സീസണുവേണ്ടി ഒരുങ്ങുന്ന നെൽപാടങ്ങൾക്ക് നടുവിലായി മറ്റൊരു ഫലവൃക്ഷ സമ്പത്ത്. മുതലമടയെന്ന പേരിൽ ലോകമറിയുന്ന മാങ്ങ വിളയുന്നിടം. സിന്തൂരവും, അൽഫോൺസയും, ബങ്കനപ്പള്ളിയും, മൂവാണ്ടനും അങ്ങനെ നാവിൽ രുചിയുടെ വിവിധ സ്വാദ് നിറയ്ക്കുന്നവ. മുതലമടയിൽ മാങ്ങയുടെ വിളവെടുപ്പ് തുടങ്ങിയാൽ കടൽ കടന്നും ആവശ്യക്കാരുണ്ടാവുമെന്നത് വെറുതെ പറയുന്നതല്ല. ഇത്തവണയും പാലക്കാടൻ മാങ്ങയ്ക്ക് മുന്തിയ പരിഗണനയുണ്ട്. അന്യസംസ്ഥാനക്കാരുൾപ്പെടെ രുചിയുടെ കാര്യത്തിൽ മികച്ചതെന്ന് പറയുമ്പോൾ കർഷകരുടെ മനസും പൂത്തുലഞ്ഞ മാമ്പൂപോലെ പ്രതീക്ഷയിലാണ്.

 പ്രതീക്ഷയിൽ കർഷകർ

മുൻ വർഷങ്ങളിൽ പൂവിടാതിരുന്ന മാവുകളടക്കം പൂവിട്ടതോടെ കർഷകരും വ്യാപാരികളും തൊഴിലാളികളും ഒരുപോലെ പ്രതീക്ഷയിലാണ്. വാളയാർ മുതൽ ചെമ്മണാംപതി വരെയുള്ള മാവിൻതോട്ടങ്ങളിൽ അൽഫോൻസ (ആപ്പൂസ്), ബങ്കനപ്പള്ളി, ശെന്തൂരം, കാലാപാടി, ഹിമാപസന്ത്, ദോത്താപുരി (കിളിമൂക്ക്), മൂവാണ്ടൻ, മൽഗോവ, ശർക്കരക്കുട്ടി, പ്രിയൂർ, നീലം, ഗുധാദത്ത്, മല്ലിക എന്നിവയുൾപ്പെടെയുള്ള മാവുകളുടെ വിളവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

ഒക്ടോബർ - നവംബർ മാസങ്ങളിൽ വന്ന പൂക്കൾ കൊഴിഞ്ഞുപോയെങ്കിലും മാവുകൾ വീണ്ടും പൂവിട്ടതോടെ കർഷകരും വ്യാപാരികളും ആശ്വാസത്തിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 50 ശതമാനം മാവുകളും പൂവിടാതിരുന്നതും കീടബാധയും കാരണം ഉൽപാദനം ശുഷ്‌കമായത് മുതലമടയിലെ മാങ്ങ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ, ഇത്തവണ പൂവിട്ടതെല്ലാം മാങ്ങയായതിനാൽ മുൻ വർഷങ്ങളിലെ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ വർഷം ഉൽപാദനം പകുതിയിൽ താഴെയായതിനാൽ 300 കോടിയിലധികം രൂപയുടെ നഷ്ടമാണു മുതലമട മാംഗോ സിറ്റിക്കുണ്ടായത്. ഇത്തവണ ഒക്ടോബർ അവസാനം പൂക്കുകയും കൊഴിയാതെ നിൽക്കുകയും ചെയ്ത തോട്ടങ്ങളിൽ നിന്നുള്ള മാങ്ങ ഇപ്പോൾ ഉത്തരേന്ത്യൻ വിപണികളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട്. രാജ്യത്ത് ആദ്യം വിളയുന്നതിന്റെ പെരുമയുള്ള മുതലമട മാമ്പഴത്തിനു കൊൽക്കത്ത, ഇൻഡോർ, ഡൽഹി, അഹമ്മദാബാദ്, മുംബൈ വിപണികളിൽ മികച്ച വില ലഭിക്കും. ഗൾഫ്, യൂറോപ്യൻ വിപണികളിലും ആവശ്യക്കാർ ഏറെയുണ്ട്. വലിയ വിളവ് ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണു മാവുകർഷകരും വ്യാപാരികളും.

 പെരുമയിൽ മുന്നിൽ അൽഫോൻസ

മുതലമടയുടെ മാമ്പഴപ്പെരുമയിൽ അൽഫോൻസാ മാമ്പഴമാണു മുന്നിൽ. ഏറ്റവും കൂടുതൽ കൃഷിയും നാട്ടുകാർ ആപ്പൂസ് എന്നു വിളിക്കുന്ന അൽഫോൻസായാണ്. ദോത്താപുരി (കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപ്പശന്ത്, മല്ലിക, കാലാപ്പാടി, സുവർണരേഖ, ചക്കരക്കട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയോർ, റുമാനിയ എന്നിവയെല്ലാം ഇവിടെയുണ്ട്. രാജ്യാന്തര വിപണിയിൽ പെറു, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാങ്ങയോടാണു മത്സരം. യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം അൽഫോൻസയ്ക്കാണ്. ബങ്കനപ്പള്ളിക്കും ആവശ്യക്കാരേറെയുണ്ട്. ദുബായ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ആവശ്യക്കാർ കൂടുതൽ ബങ്കനപ്പള്ളിക്കാണ്. ശെന്തൂരം, ദോത്താപുരി (കിളിച്ചുണ്ടൻ) എന്നിവയും പ്രിയപ്പെട്ടതാണ്. കാലാപാടി, ഹിമാപസന്ത് എന്നിവയ്ക്കു ഗൾഫ് മേഖലയിൽ ആവശ്യക്കാരുണ്ട്.

 എന്ന് യാഥാർത്ഥ്യമാകും മാംഗോ പാർക്ക് ?

മുതലമട കേന്ദ്രീകരിച്ച് മാങ്ങയുടെ പ്രാഥമിക പ്രോസസിംഗ്, പാക്കിംഗ് സൗകര്യങ്ങൾക്കും കയറ്റുമതിക്കുമായി ആരംഭിക്കുന്ന മാംഗോ പാർക്കിനായി ഇനിയുമെത്രനാൾ കാത്തിരിക്കണം. മുതലമട മാങ്ങകളുടെ പ്രോസസിംഗ്, വേർതിരിക്കൽ, ഗ്രേഡിംഗ്, റൈപ്പനിംഗ്, പാക്കിംഗ് എന്നിവയ്ക്കായ് പ്രത്യേകം സജ്ജീകരണങ്ങൾ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. 500 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ഫയലിൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. 3500 മുതൽ 4000 ഹെക്ടർ വരെ വിസ്തൃതിയുള്ളതാണ് മുതലമട മാംഗോ ഗാർഡൻ. മാംഗോ പാർക്കിനായി 20 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.

 ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കൃഷിവകുപ്പ്

കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ അഞ്ചുവർഷത്തിൽ മാങ്ങ പൂക്കുന്നതിനെ സാരമായി ബാധിച്ചിട്ടുള്ളതായാണ് കേരള കാർഷിക സർവകലാശാല നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും മാവ് പൂവിടുന്നതിന് കാലതാമസം ഉണ്ടായി. പലഘട്ടങ്ങളിലായാണ് മാവുകൾ പൂവിട്ടത്. മാത്രമല്ല കീടനാശിനികളുടെ അമിതമായ പ്രയോഗം കീടങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനും പുതിയ ശത്രുകീടങ്ങൾ പെരുകുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി മുഴുവൻ പ്രദേശവും ജൈവകൃഷിയിലേക്ക് ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൊണ്ടുവരുവാനാണ് കൃഷിവകുപ്പിന്റെ ആലോചന.

പരമ്പരാഗത കൃഷിവികാസ് യോജന പദ്ധതി പ്രകാരം 18 ക്ലസ്റ്ററുകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. 50 ഏക്കർ അടങ്ങുന്നതാണ് ഒരു ക്ലസ്റ്റർ. രണ്ടു വർഷത്തിനുള്ളിൽ 60 ക്ലസ്റ്ററുകൾ രൂപീകരിക്കാനാണ് തീരുമാനം. ജൈവ ഉത്പാദന ഉപാധികളുടെ വിതരണം, ജൈവ കീടനാശിനികൾ, ജൈവകുമിൾ നാശിനികൾ, ജൈവ വളപ്രയോഗം, ശാസ്ത്രീയ വളപ്രയോഗം, സൂക്ഷ്മജലസേചനം, ചെലവു കുറഞ്ഞ പ്രോസസിംഗ് യൂണിറ്റുകൾ എന്നിവയാണ് പദ്ധതി ഘടകങ്ങൾ. പി.എം.കെ.എസ്.വൈ, എം.ഐ.ഡി.എച്ച്, ആർ.കെ.വി.വൈ തുടങ്ങി ഏഴ് കോടി രൂപയുടെ വികസന പദ്ധതികളാണ് മാംഗോ കർഷകർക്കായി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാണിജ്യപ്രാധാന്യമുള്ള മുതലമട മാങ്ങകൾ വിപണിയിൽ കൂടുതൽ ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.