മുതലപ്പൊഴി അഴിമുഖത്ത് ചന്ദ്രഗിരി ഡ്രഡ്ജർ; സാങ്കേതിക തകരാറുകൾ പരിഹരിച്ച് ട്രയൽ റൺ നടത്തി

Sunday 04 May 2025 2:38 AM IST

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് ചന്ദ്രഗിരി ഡ്രഡ്ജർ സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഇന്നലെ ട്രയൽ റൺ നടത്തി. ട്രയൽ റൺ വിജയമായതിനെ തുടർന്ന് ഇന്ന് രാവിലെ അഴിമുഖത്തെ വടക്കേ പുലിമുട്ടിന്റെ ഭാഗത്തെത്തിച്ച് ഡ്രഡ്ജിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

മുതലപ്പൊഴി അഴിമുഖത്തിന്റെ മുക്കാൽ ഭാഗവും നിലവിൽ മണൽ മൂടിയിരിക്കുകയാണ്. ശേഷിച്ച ഭാഗത്തെ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽനീക്കം ഇന്നലെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു.ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം ആരംഭിച്ചിട്ട് മതി എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽനീക്കം എന്നായിരുന്നു ഇവരുടെ ആവശ്യം.

അതുപോലെ അഴിമുഖത്ത് കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന മണൽ എസ്കവേറ്റർ ഉപയോഗിച്ച് നീക്കണമെന്നാവശ്യവും ശക്തമാണ്.ഇന്നലെ എസ്കവേറ്റർ ഉപയോഗിച്ചത് കുന്നു കൂട്ടിയിട്ടിരിക്കുന്ന മണൽ നീക്കാനാണ്.

വേലിയേറ്റ സമയത്ത് ചെറുവള്ളങ്ങൾ മാത്രമാണ് ഇന്നലെ മത്സ്യബന്ധനത്തിന് പോയത്.പൊഴിമുറിച്ചപ്പോൾ ഹാർബറിൽ നിന്ന് അഴിമുഖം കടത്തിയ താങ്ങുവല വള്ളങ്ങൾ തിരിച്ചു ഹാർബറിനുള്ളിൽ പ്രവേശിക്കാനാകാതെ കടലിൽ തന്നെ നങ്കൂരം ഇട്ടിരിക്കുകയാണ്.ശക്തമായ കാറ്റിലും മഴയിലും ഈ വള്ളങ്ങൾ ഒഴുകി പോകുമോ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്നു.