മരണച്ചുഴിയിലേക്ക് എടുത്ത് ചാടരുത്

Sunday 04 May 2025 1:12 AM IST

കോട്ടയം : ജലാശയങ്ങളിലെ കാണാക്കയങ്ങളും അടിയൊഴുക്കുകളും അറിയാതെപോകുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. ഇന്നലെ മീനച്ചിലാറ്റിൽ ഭരണങ്ങാനം വിലങ്ങാപാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത് 2 വിദ്യാർത്ഥികളെയാണ്. ആവേശത്തോടെ പലരും ചെന്നിറങ്ങുന്നത് മരണച്ചുഴിയിലേക്കാണ്. നീന്തൽ വശമില്ലാതെ, ആഴവും ഒഴുക്കുമറിയാതെ നദികളിലും ജലാശയങ്ങളിലും ചെന്നിറങ്ങി കൗമാരക്കാരും യുവാക്കളും ജീവൻ ഹോമിക്കുമ്പോൾ അനാഥമാകുന്ന കുടുംബങ്ങൾ നിരവധിയാണ്. നീന്തൽ വശമില്ലെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ കേമനാകാൻ, അമിത ആത്മവിശ്വാസത്തിൽ ഒഴുക്കിലേക്കിറങ്ങുന്നവർക്ക് ഇതെക്കുറിച്ചൊന്നും ചിന്തിക്കാൻ സമയമുണ്ടാകാറില്ല. മുങ്ങി മരണങ്ങൾ ഏറുമ്പോൾ നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സർക്കാരും മുഖംതിരിക്കുകയാണ്. ജലാശയങ്ങളിൽ കുട്ടികളടക്കം ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തതും വെല്ലുവിളിയാണ്. അപരിചിതർ എത്തുമ്പോൾ അപകടങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ മുന്നറിയിപ്പുകൾ നൽകാറുണ്ടങ്കിലും പലരും കാര്യമാക്കാറില്ല. ആറ്രിലെ കാണാക്കയങ്ങളും അടിയൊഴുക്കുകളും അറിയാതെ പോകുന്നതാണ് അപകടത്തിനിടയാക്കുന്നത്.

നീന്തൽ വശമില്ലേ, കരയ്ക്കിരിക്കാം

നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ഒരുകാരണവശാലും പുഴയിലിറങ്ങരുത്. നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവൻ കൂടി അപകടത്തിലാകും. പുറമെ പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാണെന്നത് തെറ്റായ ധാരണയാണ്. വെള്ളത്തിൽ വീണവർക്ക് കമ്പോ കയറോ നീളമുള്ള വസ്‌മ്രോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം. പലപ്പോഴും ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള എടുത്തുചാട്ടങ്ങളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്.

കരുതലാണ് പ്രധാനം

മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം

വീടിനടുത്ത് ജല സ്രോതസ്സുകളുള്ളവർ ശ്രദ്ധിക്കണം

വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നത് വിലക്കണം

രക്ഷിക്കാൻ ഇറങ്ങുന്നവരും ജാഗ്രത പുലർത്തണം

കണക്ക് ഇങ്ങനെ

2020 : 47

2021 : 41

2022 : 60

2023 : 40

2024 : 66

''മുങ്ങിമരണങ്ങൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മരണങ്ങൾ തടയാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അപകട സാദ്ധ്യത കൂടിയ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണം.

രാജീവൻ, അയർക്കുന്നം