ചാലാട് പേപ്പട്ടിയുടെ പരാക്രമം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ പത്തു പേർക്ക് കടിയേറ്റു
നാലുവയസുകാരനെ കടിയേറ്റത് വീട്ടുവരാന്തയിൽ വച്ച്
കണ്ണൂർ:ചാലാടും പരിസരത്തും പേപ്പട്ടിയുടെ പരാക്രമത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ പത്തുപേർക്ക് കടിയേറ്റു. ഇന്നലെ രാവിലെയാണ് സംഭവം.നെഞ്ചിലും കാലിലും തുടയിലും മറ്റുമാണ് കടിയേറ്റത്.ചാലാട് - മണൽ ഭാഗത്ത് ഇന്നലെ രാവിലെ ഒമ്പതോടെയാണ് പേപ്പട്ടിയുടെ പരാക്രമം.
മണലിലെ ചിറമ്മൽ ജിജിലിന്റെ നാലു വയസ്സുള്ള മകൻ എയ്ന് വീട്ടുവരാന്തയിൽ വച്ചാണ് കടിയേറ്റത്.മദ്രസയിൽ നിന്ന് മടങ്ങുകയായിരുന്ന ചാലാട് അൽ ഫലാഹിൽ കെ.എൻ.റയാൻ (10) , ഇറ (12) എന്നിവർക്കും ധരുൺ ( 40 ) മുഹമ്മദലി (70) കമറുദീൻ (88) എന്നിവർക്കും കടിയേറ്റു.
ഇവരെ ജില്ലാ ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കി. ഇവരെ കൂടാതെ മറ്റ് നിരവധി പേർക്ക് കടിയേറ്റിട്ടുണ്ട്.വിവരമറിഞ്ഞ് മേയർ മുസ്ലിഹ് മഠത്തിൽ,കൗൺസിലർ കെ.പി.റാഷിദ് എന്നിവർ ആശുപത്രിയിലെത്തി.
പേവിഷമാണ് : അവഗണിക്കരുത് എല്ലാ വളർത്തു നായ്ക്കൾക്കും വാക്സീൻ എടുക്കണം. ചെറിയൊരു പോറലുണ്ടായാൽ പോലും വാക്സീൻ എടുക്കണം.
പട്ടിക്കു പേ ഇളകിയില്ലെങ്കിലും കടിയേറ്റാൽ ഉടൻ വാക്സീൻ എടുക്കണം. വാക്സീൻ എടുപ്പിച്ചിട്ടുള്ള നായ കടിച്ചാലും അപകടസാദ്ധ്യതയുണ്ട്. മുറിവുകളുണ്ടെങ്കിൽ പേയുള്ള നായ നക്കിയാൽപോലും വൈറസ് പടരാം. തലയോടുചേർന്നുള്ള ഭാഗത്താണ് കടിയേറ്റതെങ്കിൽ അപകടസാദ്ധ്യത കൂടുതൽ.
വാക്സിൻ ലഭ്യമാണ്
എല്ലാ താലൂക്ക് ആശുപത്രികളിലും 16 ബ്ലോക്ക് പി.എച്ച്.സികളിലും പേവിഷ പ്രതിരോധ വാക്സീൻ സൗജന്യമായി ലഭിക്കും.
ആഴത്തിലുള്ള മുറിവുള്ളവർക്ക് നൽകേണ്ട ആൻഡിബോഡി ചികിത്സ ജില്ലാ ആശുപത്രിയിൽ സൗജന്യമാണ്.
പട്ടി കടിയേറ്റാൽ നാല് ഡോസ് വാക്സീൻ ആണ് എടുക്കേണ്ടത്. കടിയേറ്റ ദിവസം, മൂന്നാം ദിനം, ഏഴ്, 28 ദിവസങ്ങളിൽ വാക്സീൻ സ്വീകരിക്കണം. ആദ്യഡോസ് വാക്സീൻ സ്വീകരിച്ചശേഷംപട്ടിക്കുപേ ഇളകിയില്ലെങ്കിൽ വാക്സീൻ എടുക്കാൻ
പോകാത്തത് തെറ്റാണ്.